Entertainment

പ്രണയം മനസില്‍ ഒളിപ്പിച്ചവര്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമ; ഓര്‍മ്മയില്‍ ഒരു ശിശിരം റിവ്യൂ

മലയാള സിനിമയില്‍ സഹനടനായി തിളങ്ങി നില്‍ക്കുന്ന താരമാണ് ദീപക് പറമ്ബോല്‍. സഹനടനില്‍ നിന്നും നായകനായി ദീപക് എത്തുന്ന ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ചിത്രം സമ്മാനിക്കുന്നത് നഷ്ടപ്രണയത്തെ കുറിച്ചുള്ള ചിന്തകളാണ്. ഒരിക്കലെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒതുക്കിയ നഷ്ടപ്രണയത്തെ പുറത്തുകൊണ്ടുവരും ഈ ചിത്രം. അത്രയ്ക്കും മനോഹരമായാണ് പ്രണയത്തെ കുറിച്ച്‌ ഓര്‍മ്മയില്‍ ഒരു ശിശിരം പറഞ്ഞുവയ്ക്കുന്നത്.

സ്‌കൂള്‍ പ്രണയവും മനോഹര ഗാനങ്ങളും എല്ലാം ചേര്‍ന്നൊരു സര്‍പ്രൈസ് ചിത്രം തന്നെയാണിത്. ഒരു പ്ലസ്ടുകാരന്റെ ജീവിതവും പ്രണയവും വരച്ച്‌ കാണിക്കുന്ന ചിത്രം, ഒടുവില്‍ ആ കൗമാരക്കാരന്റെ ജീവിത വിജയത്തിലേക്കുള്ള ഓട്ടവും ലക്ഷ്യവുമൊക്കെ കാട്ടിത്തരുന്നുണ്ട്.സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ വിവേക് ആര്യന്‍ തന്റെ ഇരിപ്പിടം കണ്ടെത്തുന്ന സിനിമ.

2006 കാലഘട്ടത്തിലാണ് ചിത്രം കഥപറയുന്നത്. മോഹന്‍ലാല്‍ സിനിമകള്‍ കണ്ട് വളര്‍ന്ന് താരത്തിന്റെ ആരാധകനായി മാറി സിനിമാ സംവിധായകനാകാന്‍ കൊതിച്ചു നടക്കുന്ന നിഥിന്‍ എന്ന നായക കഥാപാത്രത്തെയാണ് ദീപക് പറമ്ബോല്‍ അവതരിപ്പിച്ചിരിക്കുന്നത്. നിഥിന്റെ പ്രണയവും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ഒക്കെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പുതുമുഖ നടി അനശ്വരയാണ് നായിക വേഷത്തിലെത്തിയിരിക്കുന്നത്.

വര്‍ഷ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയം സമ്മാനിച്ച ഓര്‍മ്മകളിലൂടെ നിഥിന്‍ ഒരു മടക്കയാത്ര നടത്തുകയാണ് ചിത്രത്തിലൂടെ. തന്റെ ആദ്യ പ്രണയിനിയെ വര്‍ഷങ്ങള്‍ക്ക് ശേഷം നിഥിന്‍ കണ്ടുമുട്ടുന്നിടത്താണ് ചിത്രത്തിന്റെ കഥാഗതി തന്നെ മാറുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിലും ടീസറിലും ട്രെയിലറിലും സൂചിപ്പിച്ചത് പോലെ തന്നെ സുന്ദരമായ പ്രണയചിത്രമാണ് ഓര്‍മയില്‍ ഒരു ശിശിരം. പറയാതെ പരസ്പരം അറിയുന്ന പ്രണയത്തിന്റെ മനോഹാരിത ചിത്രം കാണുന്നവര്‍ക്ക് അനുഭവിച്ച്‌ അറിയാന്‍ സാധിക്കും. ഒരര്‍ത്ഥത്തില്‍ പ്രണയം തുറന്ന് പറയാന്‍ പേടിക്കുന്നവര്‍ക്കുള്ളതാണ് ചിത്രം എന്ന് പറയാം. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. പ്ലസ്ടു കാലഘട്ടവും നിലവിലെ കാലഘട്ടവും. ഈ രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രമായി ശരീരഭാഷയിലും മാറാന്‍ ദീപക്കിന് കഴിഞ്ഞിട്ടുണ്ട്.

തിരക്കഥയിലെ ചില പാളിച്ചകളും കഥ പറച്ചിലിലെ ഇഴച്ചിലും പ്രേക്ഷ ആസ്വാദനത്തെ ചിലപ്പോഴൊക്കെ മുഷിപ്പിക്കുന്നുണ്ട്. കുറച്ചുകൂടി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഓര്‍മ്മകളില്‍ ഒരു ശിശിരം മറ്റൊരു മികച്ച ചിത്രമാകുമായിരുന്നു.

നിഥിനായി ദീപക് പറമ്ബോലും വര്‍ഷയെന്ന നായികയായി അനശ്വരയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇവരെ കൂടതെ സാം സിബിന്‍, എല്‍ദോ മാത്യു, ജെയിംസ് ദേവസ്സി, അശോകന്‍, സുധീര്‍ കരമന, ശ്രീജിത്ത് രവി, ഇര്‍ഷാദ്, അലന്‍സിയര്‍, മാലാ പാര്‍വതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബി.കെ. ഹരിനാരായണന്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ജോസഫിലൂടെ ശ്രദ്ധേയമായ സംഗീതം സമ്മാനിച്ച രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ചിത്രത്തില്‍ ഒരു ചെറു വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. മികച്ച ഗാനങ്ങള്‍ തന്നെയാണ് രഞ്ജിന്‍ രാജ് സമ്മാനിച്ചിരിക്കുന്നത്. അരുണ്‍ ജെയിംസിന്റെ ഛായാഗ്രഹണവും എടുത്ത് പറയേണ്ടതാണ്. വിഷ്ണു രാജിന്റെ കഥക്ക് സി ജി ശിവപ്രസാദും അപ്പു ശ്രീനിവാസ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രണയം മനസില്‍ ഒളിപ്പിച്ചവര്‍, ഒളിപ്പിക്കുന്നവര്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം.