Entertainment

‘കാമറയ്ക്ക് പിന്നിൽ കൂടുതൽ സ്ത്രീകൾ വേണം’; മമ്മൂട്ടിയോട് മാമാങ്കം നായിക

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ചിത്രത്തിന്റെ പാക്കപ്പ് സമയത്ത് മുഴുവൻ ടീമിനുമൊപ്പമുള്ള ചിത്രം മമ്മൂട്ടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമുണ്ടായി. ചിത്രത്തിന് താഴെ ആശംസകൾ നേർന്ന് നിരവധി കമന്റുകളാണ് വന്നത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ നായികയായി എത്തിയ പ്രാചി തെഹ്‌ലാൻ ചിത്രത്തിന് നൽകിയ കമന്റാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

സിനിമയുടെ സാങ്കേതിക മേഖലകളിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പ്രാചി തെഹ്‌ലാന്റെ കമന്റ്. ‘കാമറയ്ക്ക് പിന്നിൽ നമുക്ക് കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതുണ്ട്, അഭിനന്ദനങ്ങൾ മമ്മൂക്ക, ഇതൊരു മനോഹരമായ ക്ലിക്ക് ആണ്’- പ്രാചി തെഹ്‌ലാൻ പറഞ്ഞു. പ്രാചി തെഹ്‌ലാന്റെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രമായിരുന്നു മാമാങ്കം. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് പ്രാചി ചിത്രത്തിൽ അവതരിപ്പിച്ചത്.

നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്‌ക്വാഡിന്റെ നിർമാണം മമ്മൂട്ടി തന്നെയാണ് . മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.