തമിഴ്നാട്ടില്‍ വന്‍ രാഷ്ട്രീയ നീക്കവുമായി നടന് വിജയ്. വിജയ്യുടെ ആരാധക സംഘടനയായ ‘ആള് ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ എന്നതാണ് രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനായി സമര്‍പ്പിച്ചിരിക്കുന്നത്. അതെ സമയം പാര്‍ട്ടിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിജയ്യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വിജയ് യുടെ അച്ഛന് എസ്.എ ചന്ദ്രശേഖറിന്റെ പേരാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. ഇക്കാര്യം എസ്.എ ചന്ദ്രശേഖര്‍ എന്‍.ഡി.ടി.വിയോട് ശരിവെക്കുകയും ചെയ്തു. പുതിയ പാര്‍ട്ടി വിജയ്‍യുടെതല്ലെന്നും തന്റെ നേതൃത്വത്തിലുള്ളതാണെന്നും മകന് വിജയ് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുമോയെന്നതില്‍ പ്രതികരണത്തിനില്ലെന്നും എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞു. പ്രസിഡന്റായി പത്മനാഭന് എന്നിവരും ട്രഷററായി വിജയ്യുടെ അമ്മ ശോഭയുടെ പേരുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയത്.
1993ലാണ് നിരവധി വെല്‍ഫയര്‍ അസോസിയേഷനുകള്‍ കൂട്ടിചേര്‍ത്ത് ‘ആള് ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ വിജയ് ആരാധക സംഘം ആരംഭിക്കുന്നത്. നിരവധി യുവാക്കള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവര്‍ക്കെല്ലാം അംഗീകാരം ലഭിക്കണം. അത് കൊണ്ടാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതെന്നും എസ്.എ ചന്ദ്രശേഖര്‍ പുതിയ തലൈമുറ ചാനലിനോട് പറഞ്ഞു.
നടന് വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് നിരവധി വര്‍ഷങ്ങളായി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അവസാനം പുറത്തിറങ്ങിയ മെര്‍സല്‍, സര്‍കാര്‍ എന്നീ ചിത്രങ്ങളും കനത്ത രാഷ്ട്രീയ പരാമര്‍ശങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. ജി.എസ്.ടിക്കെതിരായും നോട്ടുനിരോധനത്തിനെതിരെയും രാജ്യത്തെ ആരോഗ്യ രംഗത്തെക്കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് വിജയ് സിനിമകള്‍ ഉയര്‍ത്തിയിരുന്നത്. തമിഴ്നാട്ടിലെ ജല്ലിക്കെട്ട് വിഷയത്തിലും രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന നീറ്റ് പരീക്ഷക്കെതിരെയും വിജയ് പരസ്യമായി രംഗത്തുവന്നിരുന്നു.