Entertainment

സിനിമാ മേഖലയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുവരുന്നത് തടയാന്‍ നടപടിയുമായി പൊലീസ്; വെരിഫിക്കേഷന്‍ ആരംഭിക്കും

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെരിഫിക്കേഷന്‍ നടപടിയുമായി പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് സിനിമ സംഘടനകള്‍ പറഞ്ഞു.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് പോലീസ് തീരുമാനം. ഇതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്റെ
നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സൈറ്റിലൂടെ അപേക്ഷ നല്‍കി നിശ്ചിത ഫീസ് അടച്ചാല്‍ സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്നു സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷന്‍ നടത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കും. വെരിഫിക്കേഷന്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് കൊച്ചി പൊലീസ് കമ്മീഷണര്‍ സിനിമാ സംഘടനകള്‍ കത്ത് നല്‍കിയിരുന്നു.

പൊലീസ് നടപടിയെ സംഘടനകളും സ്വാഗതം ചെയ്യുന്നുണ്ട്. മലയാള സിനിമ മേഖലയില്‍ കുറ്റവാസന ഉള്ളവരെ തടഞ്ഞു സുരക്ഷിതമാക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. ഷൂട്ടിംഗ് സൈറ്റുകളില്‍ പുറത്തുനിന്ന് വിവിധ ജോലികള്‍ക്കായി നിരവധി പേരാണ് എത്തുന്നത്. ഇവരുടെയൊക്കെ പശ്ചാത്തലം പരിശോധിക്കുക അണിയറ പ്രവര്‍ത്തകര്‍ക്ക് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു പദ്ധതിയൊരുക്കുന്നത്. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടും പൊലീസ് പരിശോധനകള്‍ നടത്തുന്നുണ്ട് ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി.