Entertainment

മലയാളത്തിന് തല്‍ക്കാലം വിട; പേര്‍ളി മാണി ബോളിവുഡിലേക്ക്

അവതാരകയും നടിയുമായ പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പേളി ആരാധകര്‍ക്കായി പങ്കുവച്ചു. ചിത്രം 2020 ഏപ്രിൽ 24നു റിലീസാകുമെന്നും കുറിച്ചിട്ടുണ്ട്. പോസ്റ്ററിൽ ഏത് അക്ഷരത്തിലാണ് താൻ ഭാഗമായിട്ടുള്ളതെന്നും തന്റെ നിറം എന്താണെന്നും ആരാധകർക്ക് പറയാനാവുമോ എന്നും പേർളി ചോദിക്കുന്നു.

പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ലുഡോയിൽ അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കൈറ്റ്സ്, ബർഫി തുടങ്ങിയ ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനുരാഗ് ബസു. അവസാന ചിത്രമായ ജഗ്ഗ ജാഗൂസ് പ്രമേയം കൊണ്ടു വ്യത്യസ്തമായിരുന്നെങ്കിലും പരാജയം ഏറ്റുവാങ്ങി.

അവതാരകയായി ശ്രദ്ധ നേടിയിട്ടുള്ള പേളി മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദ ലാസ്റ്റ് സപ്പര്‍, ലോഹം, ഞാന്‍, ജോ ആന്‍ഡ് ദ ബോയ്, പ്രേതം, പുള്ളിക്കാരന്‍ സ്റ്റാറാ എന്നിവയാണ് പ്രധാന സിനിമകള്‍.