Entertainment

അതിവേഗ 300 കോടി! ഇന്ത്യന്‍ കളക്ഷനില്‍ നേട്ടം തുടര്‍ന്ന് ‘പഠാന്‍’

സമീപകാല ബോളിവുഡ് വ്യവസായത്തെ ഇത്രയും ഗുണപരമായി സ്വാധീനിച്ച മറ്റൊരു ചിത്രമില്ല ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ പോലെ. കൊവിഡ് കാലത്തിനു ശേഷം വന്‍ തകര്‍ച്ച നേരിട്ടിരുന്ന ബോളിവുഡിന് താരചിത്രങ്ങളില്‍ നിന്നൊന്നും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ ചിത്രങ്ങളൊക്കെ നേട്ടമുണ്ടാക്കാതെപോയപ്പോള്‍ ചലച്ചിത്രലോകത്തിന്‍റെ പ്രതീക്ഷ ഒരേയൊരു ചിത്രത്തിലായിരുന്നു. ഷാരൂഖ് ഖാന്‍ കരിയറിലെ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന പഠാന്‍. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാത്തതോടെ റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. 

ആദ്യ അഞ്ച് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 542 കോടി നേടിയ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും വേഗത്തില്‍ 200 കോടി നേടുന്ന ചിത്രമായി പഠാന്‍ മാറിയിരുന്നു. ഇപ്പോഴിതാ 300 കോടി നേട്ടത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം. ഇന്ത്യന്‍ (നെറ്റ്) കളക്ഷനില്‍ പഠാന്‍ 300 കോടി നേടിയത് ഏഴ് ദിവസം കൊണ്ടാണ്. രണ്ടാം സ്ഥാനത്തുള്ള ബാഹുബലി 2 ഹിന്ദി 10 ദിവസം കൊണ്ടും കെജിഎഫ് 2 ഹിന്ദി 11 ദിവസം കൊണ്ടും ദംഗല്‍ 13 ദിവസം കൊണ്ടുമാണ് ഈ നേട്ടം കൈവരിച്ചത്.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.