Entertainment

വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപണം; പാ രഞ്ജിത്തിനെതിരെ കേസ്

പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ പാ രഞ്ജിത്തിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് തമിഴ്‍നാട് പൊലീസ്. ചോള വംശ കാലഘട്ടത്തിലാണ് കീഴാളന്റെ ഭൂമി തട്ടിയെടുക്കപ്പെട്ടതെന്ന പാ രഞ്ജിത്തിന്റെ പരാമർശത്തിനെതരെ ഹിന്ദു മക്കൾ കക്ഷി നൽകിയ പരാതിയിൻമേലാണ് കേസെടുത്തത്. തിരുപനന്തലിൽ ബ്ലൂ പാന്തേഴ്സ് പാർട്ടിയുടെ പരിപാടിക്കിടെയായിരുന്നു താരം പരാമർശങ്ങൾ നടത്തിയത്.

ക്രിസ്തു വർഷം 985-1014 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയും ശ്രീലങ്ക-മാല ദ്വീപ് ഭാഗങ്ങളും ഭരിച്ചിരുന്ന ചോള രാജാവായിരുന്നു രാജരാജ ഒന്നാമൻ. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് അതസ്ഥിത വിഭാഗക്കാരുടെ കെെവശമുണ്ടായിരുന്ന ഭൂസ്വത്തുക്കള്‍ തന്ത്രപരമായി മേൽജാതിക്കാർ കെെക്കലാക്കി തുടങ്ങിയത്. ചോളൻമാർ തങ്ങളുടെ വംശമാണെന്ന് സ്ഥാപിക്കാനുള്ള മത്സരത്തിലാണ് ഇന്ന് സർവണ വിഭാഗങ്ങളെന്നും പാ രഞ്ജിത്ത് കുറ്റപ്പെടുത്തുകയുണ്ടായി. ഇതിനെതിരെയാണ് ഹിന്ദു മക്കൾ കക്ഷി പരാതിയുമായി രംഗത്തെത്തിയത്.

വേറിട്ട ആഖ്യാനം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ തമിഴ് സംവിധായകനായ പാ ര‍ഞ്ജിത്തിന്റെ ഹിറ്റ് രജനി ചിത്രങ്ങളായ കബാലി, കാല ചിത്രങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമൂഹത്തിലെ ജാതി പ്രശ്നങ്ങൾക്കെതിരെ നിരന്തരം കലഹിച്ച് കൊണ്ടിരിക്കുന്ന പാ രഞ്ജിത്തിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം, ഗോത്ര നേതാവായ ബിർസാ മുണ്ടെയെ കുറിച്ചുള്ള സിനിമ ചെയ്തുകൊണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.