മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമെൻ ഇൻ സിനിമ കളക്ടീവ്. 1928 ൽ പുറത്തിറങ്ങിയ ‘വിഗതകുമാരൻ’ എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ച പി.കെ റോസി എന്ന ദലിത് സ്ത്രീയെ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ പിന്നീട് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു. പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നതെന്ന് വിമെൻ ഇൻ സിനിമ കളക്ടീവ് പറഞ്ഞു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് രൂപകല്പന ചെയ്ത പി.കെ റോസിയെ ദൃശ്യവത്കരിക്കുന്ന ലോഗോ പ്രകാശനം ചെയ്തു കൊണ്ടാണ് വിമെൻ ഇൻ സിനിമ കളക്ടീവ് പ്രഖ്യാപനം നടത്തിയത്.
മിക്കപ്പോഴും ആണിടങ്ങളാവാറുള്ള ദൃശ്യപരിസരങ്ങള്‍ക്കിടയില്‍ ഒരിടം സൃഷ്ടിക്കാനുള്ള ശ്രമമാണ് പി.കെ റോസി ഫിലിം സൊസൈറ്റി നടത്തുകയെന്നും സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്രപ്രവർത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂർണ്ണമായും സ്ത്രീ/ട്രാൻസ്-സ്ത്രീകളാൽ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യമെന്നും ഡബ്ല്യൂ.സി.സി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയേറ്ററിലായിരുന്നു ആദ്യ നിശ്ശബ്ദസിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത്. സിനിമയിലെ സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ തിയേറ്ററിൽ നായികയായ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. സിനിമ പ്രദര്‍ശിപ്പിച്ച സ്ക്രീന്‍ കുത്തിക്കീറുക വരെ ചെയ്ത കാണികള്‍ നായിക റോസിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി. 2013 ൽ കമലിന്റെ സംവിധാനത്തില്‍ ‘സെല്ലുലോയ്ഡ്’ എന്ന ചിത്രം റോസിയുടെ ജീവിതം അധികരിച്ച് പുറത്തിറങ്ങിയിരുന്നു.