Entertainment

കാത്തിരിപ്പിനൊടുവിൽ അഡാർ ലവ് പ്രേക്ഷകരിലേക്ക്; റിലീസ് ചെയ്യുന്നത് 2000 തിയേറ്ററുകളില്‍

യു ട്യൂബിൽ റെക്കോർഡ് സൃഷ്ടിക്കലിനും വിവാദങ്ങൾക്കും ഒടുവിൽ ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് തിയറ്ററുകളിലേക്കെത്തുന്നു. ഇതിനോടകം താരങ്ങളായി മാറിയ പുതുമുഖങ്ങളുമായാണ് സിനിമയുടെ വരവ്. വാലന്‍റൈൻ വാരത്തിൽ എത്തുന്ന ആദ്യ ചിത്രമാണ് ഒരു അഡാർ ലവ്.

വിനീത് ശ്രീനിവാസൻ – ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് തലവര മാറി മറിഞ്ഞ ചിത്രമാണ് ഒരു അഡാർ ലവ്. ഗാനത്തോടൊപ്പം പുരികം ഉയർത്തി അതിശയിപ്പിച്ച പ്രിയ വാര്യർ അന്താരാഷ്ട്ര മാധ്യമങ്ങളിലെ പോലും താരമായി മാറിയിരുന്നു. കൂടെ സഹാതാരങ്ങളായ റോഷൻ അബ്ദുൽ റഹൂഫും നൂറിൻ ശരീഫും പ്രക്ഷക പ്രീതി നേടി.

പ്ലസ്ടു വിദ്യാർഥികളുടെ പ്രണയവും സൗഹൃദവും ആണ് സിനിമ വിഷയമാക്കുന്നത്. യു ട്യൂബിൽ റെക്കോർഡ് കീഴടക്കുന്നതിനിടെ സിനിമക്കെതിരെ എതിർപ്പും ശക്തമായിരുന്നു. രംഗങ്ങള്‍ കോപ്പിയാണെന്നും പ്രിയയുടെ അഭിനയം മോശമാണെന്നും കൗമാരക്കാരായ വിദ്യാർത്ഥികളെ സഭ്യമല്ലാത്ത സീനുകളിൽ അഭിനയിപ്പിച്ച് സംവിധായകൻ ഒമർ ലുലു മാർക്കറ്റ് ചെയ്യുകയാണെന്ന കുറ്റപ്പെടുത്തലുകളും സിനിമക്കെതിരെ ഉണ്ടായി. കൂടെ സാമൂഹിക മാധ്യമങ്ങളിൽ ഡിസ്‌ലൈക്ക് കാമ്പെയിനും. ഇതിനെയെല്ലാം അതിജീവിച്ചാണ് അഡാർ ലവിന്റെ വരവ് എന്ന പ്രത്യേകതയുമുണ്ട്.

ലോകത്താകമാനം 2000 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുഗു, കന്നഡ ഭാഷകളിലാണ് ഒരു അഡാർ ലവ് എത്തുക. തമിഴിലും തെലുഗിലും ലവേഴ്സ് ഡേ എന്ന പേരിലും കന്നഡയിൽ കിറിക് ലവ് സ്റ്റോറിഎന്ന പേരിലുമാണ് അഡാർ ലവിന്റെ മൊഴിമാറ്റപതിപ്പുകൾ എത്തുന്നത്. സിനിമക്കെതിരെ ഉയർന്നു വന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയുന്ന നല്ല പ്രണയദിന സമ്മാനമാകും ഒരു അഡാർ ലവ് എന്ന് പ്രതീക്ഷിക്കാം.