Entertainment

എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി; ഒമർ ലുലുവിൻ്റെ നല്ല സമയം ഒടിടിയിലേക്ക്

നല്ല സമയം എന്ന തൻ്റെ സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയെന്ന് സംവിധായകൻ ഒമർ ലുലു. ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം സിനിമയുടെ ഒടിടി റിലീസ് ഈ മാസം 20നു പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമർ ലുലു ഇക്കാര്യം വ്യക്തമാക്കിയത്. (omar lulu nalla samayam)

“നല്ല സമയം” സിനിമക്ക് എതിരെ കോഴിക്കോട്‌ Excise Commissioner എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാൻ കരുതുന്നു,പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി.

കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ കേസെടുത്തത്. സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ട്രെയിലറിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിനു പിന്നാലെ ചിത്രം ഒമർ ലുലു തീയറ്ററിൽ നിന്ന് പിൻവലിച്ചിരുന്നു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇർഷാദ് അലി, വിജീഷ, ഷാലു റഹീം എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രം ഈ വർഷാരംഭത്തിലാണ് റിലീസായത്.