Entertainment

ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നവരുടെ സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസില്ല; പ്രതിഷേധവുമായി നിര്‍മാതാക്കള്‍

ടോവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് എന്ന ചിത്രത്തിന് മാത്രമാണ് ഫിയോകിന്‍റെ ഇളവ്

ടോവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് എന്ന ചിത്രമൊഴികെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് നിശ്ചയിച്ചവരുടെ സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസ് അനുവദിക്കേണ്ട എന്ന തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ തീരുമാനത്തിനെതിരെ വിമത സ്വരമുയര്‍ത്തി നിര്‍മാതാക്കള്‍. രജിഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ കൂട്ടുക്കെട്ടില്‍ ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് പുറത്തിറക്കുന്ന ലവ് എന്ന സിനിമയുടെ നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍, മലയാളത്തിലെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം റിലീസ് സൂഫിയും സുജാതയും സിനിമയുടെ നിര്‍മാതാവ് വിജയ് ബാബു എന്നിവരാണ് പ്രതിഷേധവുമായി ഫേസ്ബുക്കില്‍ രംഗത്തുവന്നത്. ‘ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി’; എന്നാണ് ആഷിഖ് ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കോവിഡ് ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ചിത്രീകരണം ആരംഭിച്ച്- അവസാനിച്ച ആദ്യത്തെ ചിത്രമാണ് ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച ‘ലവ്’. പൂര്‍ണമായും ഇന്‍റീരിയറില്‍ ചിത്രീകരിച്ച സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ ഉന്നമിട്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഫിയോകിന്‍റെ തീരുമാനത്തിനെതിരെ നേരത്തെ സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബുവും രംഗത്തുവന്നിരുന്നു. ‘ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ !’; എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ആഷിഖ് അബു നിര്‍മിച്ച ഹലാല്‍ ലവ് സ്റ്റോറി, ഹാഗര്‍ എന്നീ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനാണ് ആലോചിച്ചിരുന്നത്. ഫിയോകിന്‍റെ പുതിയ തീരുമാനം ഈ സിനിമകളുടെ റിലീസിനെയെല്ലാം വെട്ടിലാക്കിയിരിക്കുകയാണ്.

ടോവിനോയും ആന്‍റോ ജോസഫും സംയുക്തമായി നിർമിക്കുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് പൈറസി ഭീഷണി നേരിടുന്നുണ്ട്. സിനിമയുടെ റിലീസ് നീണ്ട് പോയാൽ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഒ.ടി.ടി റിലീസിന് അനുമതി നൽകിയതെന്നാണ് ഫിയോക്ക് ഭാരവാഹികൾ വ്യക്തമാക്കുന്നത്. ഫിയോകിന്‍റെ പുതിയ തീരുമാനത്തിനെതിരെ കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സിന്‍റെ സംവിധായകന്‍ ജിയോ ബേബി പരിഹാസവുമായി രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലാണ് ജിയോ ബേബി ഫിയോകിനെ പരിഹസിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത്. ‘ഞങ്ങള്‍ക്ക് പ്രിവിലേജുണ്ട്, പിടിപാടുണ്ട്..ഇളവും ഉണ്ട്’; എന്നാണ് ജിയോ ബേബി പോസ്റ്റ് ചെയ്തത്. പിന്നീട് ഈ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.