സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു. മറ്റു രാജ്യങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയും, കേരളത്തില്‍ ഇപ്പോഴും നാല് ഷോ നടത്താനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍ച്ച് നാലിനായിരുന്നു ദി പ്രീസ്റ്റ് റിലീസ് തിയതിയായി പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഫെബ്രുവരി നാലിനായിരുന്നു ദി പ്രീസ്റ്റ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്.
ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍ ആണ് പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്നത്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്.