Entertainment

‘ന്നാ താൻ കേസ് കൊട്’ വിവാദങ്ങള്‍, ബഹിഷ്‌കരണാഹ്വാനം; നേടിയത് 7 അവാർഡുകൾ, ഒടുവിൽ കയ്യടി!!

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ന്നാ താന്‍ കേസ് കൊട്’. ചിത്രം പുറത്തിറങ്ങിയപ്പോൾ ‘റോഡിലെ കുഴി’ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊന്നും പുരസ്കാര നിർണയത്തിൽ ബാധിച്ചില്ല. തീയറ്ററുകളിൽ വലിയ കൈയ്യടി നേടിയ ചിത്രം പുരസ്കാര പ്രഖ്യാപനത്തിലും അതേ കയ്യടിയാണ് നേടിയത്.

ആക്ഷേപഹാസ്യത്തിലൂടെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകൾ മലയാളത്തിൽ നന്നേ കുറഞ്ഞു വരുന്ന കാലത്ത് സിനിമയുടെ പുരസ്കാര നേട്ടം പ്രതീക്ഷ നൽകുന്നതാണ്. മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് റോഡിലെ കുഴികൾ.

ആ കുഴികളിൽ നിന്നൊരു ചെറിയ പ്ലോട്ട് ഉണ്ടാക്കി കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിൽ അതിനെ വികസിപ്പിച്ചെടുത്ത് പൂർണ്ണമായും സംവിധായകന്റെ സിനിമാറ്റിക് ബ്രില്ല്യൻസ് തന്നെയാണ്.റോഡിലെ കുഴികളെ ചുറ്റിപ്പറ്റി രൂപം കൊണ്ട കഥാപശ്ചാത്തലത്തില്‍ അരങ്ങേറുന്ന രസകരമായ സംഭവ വികാസങ്ങള്‍ മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്കിടയിലെത്തിക്കാന്‍ അണിയറക്കാര്‍ക്ക് സാധിച്ചു.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം കലാമേന്മയും ജനപ്രീതിയുമുള്ള സിനിമ, മികച്ച തിരക്കഥാകൃത്ത്, ശബ്ദമിശ്രണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, സ്വഭാവ നടന്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം അടക്കം ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി.കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച കുഞ്ചാക്കോ ബോബന്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ ശ്രദ്ധേയനായി മാറിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ മികച്ച തിരക്കഥക്കുള്ള പുരസ്കാരവും നേടി. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ തങ്ങി നിന്ന കോടതി രംഗങ്ങളിലെ മജിസ്ട്രേറ്റായി മികച്ച പ്രകടനം കാഴ്ച വെച്ച പി.പി കുഞ്ഞികൃഷ്ണന്‍ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുക്കപ്പെട്ടു. സാങ്കേതികമായും മികവ് പുലര്‍ത്തിയ ചിത്രത്തിന്‍റെ ശബ്ദമിശ്രണത്തിലൂടെ വിപിന്‍ നായരും കലാസംവിധാനത്തിലൂടെ ജ്യോതിഷ് ശങ്കറും പശ്ചാത്തല സംഗീതത്തിലൂടെ ഡോണ്‍ വിന്‍സെന്‍റും അവാര്‍ഡുകള്‍ സ്വന്തമാക്കി.