Entertainment

എന്‍.എഫ് വര്‍ഗീസിനെ ഇനിയും മലയാള സിനിമയില്‍ കാണാം;

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ എന്‍.എഫ് വര്‍ഗീസ് മരണത്തിന് ശേഷവും ഇനിയും മലയാള സിനിമകളില്‍ കാണാം. എന്‍.എഫ് വര്‍ഗീസിന്റെ പേരില്‍ നിര്‍മ്മാണ സംരംഭം ആരംഭിച്ചാണ് കുടുംബം മലയാള സിനിമാ വ്യവസായത്തിലേക്ക് എന്‍.എഫ് വര്‍ഗീസ് എന്ന പ്രതിഭയെ വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. ആകാശദൂത് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ എന്‍.എഫ് വര്‍ഗീസ് പിന്നീട് അഭിനയിച്ച എല്ലാ സിനിമകളിലും തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് ശ്രദ്ധനേടിയതാണ്. ജോഷി- രണ്‍ജി പണിക്കര്‍ കൂട്ടുക്കെട്ടിലിറങ്ങിയ പത്രം എന്ന ചിത്രത്തിലെ വിശ്വനാഥന്‍ എന്ന വില്ലന്‍ കഥാപാത്രം എന്‍.എഫിന് വലിയ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത സിനിമയാണ്. അഭിനയമികവിനു പുറമെ അതുല്യമായ ശബ്ദഗാംഭീര്യവും ഈ നടന്റെ സമ്പത്തായിരുന്നു.

എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് എന്നാണ് നിര്‍മാണ സംരഭത്തിന്റെ പേര്. നടി മഞ്ജു വാര്യരാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുതിയ നിര്‍മ്മാണ സംരംഭത്തെക്കുറിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്

‘ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് ശ്രീ എന്‍.എഫ്.വര്‍ഗീസ്. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തില്‍ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വര്‍ഗീസേട്ടന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരംഭിക്കുന്ന ഈ പുതിയ നിര്‍മ്മാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയില്‍ ഒരുപാട് നല്ല സിനിമകള്‍ നമുക്ക് കാണാന്‍ സാധിക്കട്ടെ.’