മുൻ ഭാര്യ അഞ്ജന പാണ്ഡെയ്ക്കും സ്വന്തം സഹോദരൻ ഷമാസ് നവാബ് സിദ്ദീഖിയ്ക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. ഇരുവരും തനിക്കെതിരെ അപകീർത്തി പ്രസ്താവനകൾ പുറപ്പെടുവിച്ചു എന്നും അതിൽ തനിക്ക് അപമാനം നേരിട്ടു എന്നും നവാസുദ്ദീൻ പരാതിയിൽ പറയുന്നു. ഈ മാസം 30ന് കേസിൽ വാദം കേൾക്കും. (Nawazuddin Siddiqui defamation wife)
തന്നെ അപമാനിക്കുന്നതിൽ നിന്ന് ഉടൻ ഇരുവരെയും വിലക്കണമെന്ന് പരാതിയിൽ പറയണം. ഇരുവരും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അപവാദ പ്രചരണങ്ങൾ നീക്കം ചെയ്യണം. അത്തരം പ്രസ്താവനകൾ ഇനി നടത്തുന്നതിൽ നിന്ന് ഇവരെ തടയണം. പരസ്യമായി ഇരുവരും മാപ്പ് എഴുതിനൽകണം. ഇത്തരം അപവാദ പ്രചരണങ്ങൾ നടത്താൻ സമീപിച്ചവർ ആരെന്ന് ഇരുവരും കൃത്യമായി പറയാൻ കോടതി ഉത്തരവിടണം എന്നും നവാസുദ്ദീൻ്റെ പരാതിയിൽ പറയുന്നു.
ഒരു നടനാകാനുള്ള വ്യക്തിത്വം തനിക്കില്ലെന്ന് കുടുംബക്കാരും സുഹൃത്തുക്കളും പറയാറുണ്ടായിരുന്നു. അവിടെനിന്നാണ് താൻ ഉയർന്നുവന്നത്. 2008ൽ, സഹോദരൻ തൊഴിലില്ലാതിരിക്കുമ്പോൾ താൻ അവനെ മാനേജരാക്കി. തൻ്റെ പണമിടപാടുകളൊക്കെ അവൻ നോക്കുമ്പോൾ താൻ അഭിനയിക്കുകയായിരുന്നു. ക്രെഡിറ്റ് കാർഡുകൾ, എടിഎം കാർഡുകൾ, ചെക്ക് ബുക്ക്, ബാങ്ക് പാസ്‌വേഡ് എല്ലാം സഹോദരനെ ഏല്പിച്ചു. എന്നാൽ, അവൻ വിശ്വാസവഞ്ചന കാണിച്ചു. തന്നെ പറ്റിച്ച് പണം തട്ടിയെടുത്തു. തിരക്കുള്ള നടനായിരുന്നതിനാൽ ഇത് ശ്രദ്ധയിൽ പെട്ടില്ല. തൻ്റെ പേരിൽ വസ്തുവകകൾ വാങ്ങുകയാണെന്ന് അവൻ പറഞ്ഞെങ്കിലും രണ്ട് പേരുടെയും പേരിലാണ് അവൻ വാങ്ങിയത്. യാരി റോഡിലെ ഒരു ഫ്ലാറ്റ്, അവിടെത്തന്നെ വാണിജ്യാവശത്തിനുള്ള ഒരു കെട്ടിടം, ഷാപൂരിൽ ഒരു ഫാംഹൗസ്, ബുൽധനയിലും ദുബായിലും പ്രോപ്പർട്ടികൾ, ബിഎംഡബ്ല്യു, റേഞ്ച് റോവർ, ഡുകാട്ടി തുടങ്ങി 14 വാഹനങ്ങൾ എന്നിവയൊക്കെ സഹോദരൻ വാങ്ങി. ചോദ്യം ചെയ്തപ്പോൾ അവൻ ഒഴിഞ്ഞുമാറി. എന്നിട്ട് മുൻ ഭാര്യയെ ഉപയോഗിച്ച് കള്ളക്കേസുകൾ കെട്ടിച്ചമച്ചു എന്നും പരാതിയിലുണ്ട്. സഹോദരൻ അടക്കാതിരുന്ന വിവിധ നികുതിയായി താൻ 37 കോടി രൂപ അടച്ചു എന്നും നവാസുദ്ദീൻ പരാതിയിൽ വിശദീകരിക്കുന്നു.
മുൻ ഭാര്യയെ താൻ വിവാഹം കഴിക്കും മുൻപ് അവർ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു എന്ന് നവാസുദ്ദീൻ പറയുന്നു. വിവാഹിതയല്ലാത്ത മുസ്ലിം ആണെന്ന് അവർ തന്നെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് സത്യമറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി. തൻ്റെ 21 കോടി രൂപ ഭാര്യയും സഹോദരനും ചേർന്ന് ദുർവ്യയം ചെയ്തു. തൻ്റെ എല്ലാ കൂടിക്കാഴ്ചകളിലും പങ്കെടുത്തിട്ടുള്ള സഹോദരൻ ഇതൊക്കെ വിഡിയോയും ഓഡിയോ ആയും റെക്കോർഡ് ചെയ്തിട്ടുണ്ട്. അത് പുറത്തുപോകാൻ പാടില്ല. തൻ്റെ പ്രോപ്പർട്ടികൾ തിരികെനൽകാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരനും മുൻ ഭാര്യയും ചേർന്ന് തന്നെ ബ്ലാക്ക്മെയിൽ ചെയ്തു. എല്ലാ മാസവും മക്കളുടെ പഠനത്തിനായി 10 ലക്ഷം രൂപ വീതം നൽകുന്നുണ്ട്. ഭാര്യക്ക് പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കാൻ 2.5 കോടി രൂപ നൽകി. എന്നാൽ, അത് അവർ വ്യക്തിപരമായ ആനന്ദത്തിനു വേണ്ടി ഉപയോഗിച്ചു. ഭാര്യയും സഹോദരനും നടത്തുന്ന അപവാദ പ്രചരണങ്ങൾ തനിക്ക് നഷ്ടമുണ്ടാക്കി. തൻ്റെ പുതിയ ചിത്രങ്ങൾ നീട്ടിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.