Entertainment

50 ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ 10 ദിവസം കൊണ്ട് കിട്ടിയെന്നൊക്കെ പറയുന്നത്: ബോക്‌സ്ഓഫീസ് കളക്ഷനെക്കുറിച്ച് നാദിര്‍ഷ

സിനിമ നല്ലതോ ചീത്തയോ എന്ന് നോക്കിയിട്ടല്ല ബോക്‌സ്ഓഫീസ് കണക്കുകള്‍ നോക്കി വിലയിരുത്തുന്ന ഒരു സംസ്‌കാരമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് സംവിധായകന്‍ നാദിര്‍ഷ. നാദിര്‍ഷ ഒരുക്കിയ മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ യു.എ.ഇ റിലീസിനോടനുബന്ധിച്ച് ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോക്‌സ്ഓഫീസ് കളക്ഷന്‍ എന്ന് പറഞ്ഞാല്‍ ഫാന്‍സ് ഊതിവീര്‍പ്പിക്കുന്ന ഘടകം മാത്രമാണെന്ന് നാദിര്‍ഷ പറയുന്നു. സിനിമ നല്ലതാണോ അതോ മോശമാണെന്നാണോ എന്നല്ല വിലയിരുത്തുന്നത്, അതായത് xന്റെ സിനിമക്ക് കിട്ടിയ കളക്ഷനെക്കാള്‍ കൂടുതല്‍ yന്റെ സിനിമക്ക് കിട്ടിയെന്ന് പറയണം, അതാണിപ്പോള്‍ ഇവിടെ കാണുന്ന സംസ്‌കാരം.

അല്ലാതെ സിനിമ നന്നായോ തിയറ്ററുകളില്‍ ഓടിയോ എന്നതൊന്നും വിഷയമല്ല. മൊത്തം ഗ്രോസ് കളക്ഷനില്‍ ഡിസ്ട്രിബ്യൂഷന്‍ ഷെയര്‍ എത്രയാണന്നൊന്നും ആര്‍ക്കും ധാരണയില്ല. ഒരു ദിവസം പത്ത് കോടി കിട്ടിയെന്ന് പറയും പിറ്റേദിവസം 20 കോടിയാകും, ഇതൊന്നും നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കല്ല, ഫാന്‍സ് വായില്‍ തോന്നുന്ന കണക്ക് പറഞ്ഞ് അവര്‍ വെറുതെ ഊതിവീര്‍പ്പിക്കും. 50 ദിവസം കിട്ടുന്ന വരുമാനമാണ് ഇപ്പോള്‍ പത്ത് ദിവസം കൊണ്ട് കിട്ടിയെന്നൊക്ക പറയുന്നതെന്നും നാദിര്‍ഷ പറയുന്നു.

മേരാ നാം ഷാജി മാധുരരാജയെപ്പോലെയോ ലൂസിഫറിനെപ്പോലെയോ ഒരു വലിയ സിനിമയല്ല. കോടാനുകോടി രൂപ മുടക്കിയിട്ടല്ല സിനിമ എടുത്തത്. അഞ്ചരക്കോടി രൂപയോളമാണ് മൊത്തം ചെലവായത്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമായതിനാല്‍ മുടക്ക് മുതല്‍ തിരിച്ചു കിട്ടുകയും ലാഭമാവുകയും ചെയ്യുമെന്നും നാദിര്‍ഷ പറയുന്നു.