മ്യാവൂ എന്നു പേരിട്ട ചിത്രത്തിന് പൂച്ചയല്ലാതെ ആരാണ് പാക്കപ്പ് പറയേണ്ടത്. സംവിധായകൻ ലാൽ ജോസ് ചിന്തിച്ചതും അങ്ങനെ തന്നെ. തന്റെ പുതിയ ചിത്രമായ മ്യാവൂവിന്റെ ദുബായിലെ ചിത്രീകരണം ലാൽ ജോസ് അവസാനിപ്പിച്ചത് പൂച്ചയെ കൊണ്ട് പാക്കപ്പ് പറയിപ്പിച്ചാണ്.
ഇതിന്റെ വീഡിയോയും ലാൽ ജോസ് പങ്കുവച്ചു. പൂച്ച ക്ലിപ്ബോർഡിന് ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ ആണ് സംവിധായകൻ പോസ്റ്റ് ചെയ്തത്. അമ്പതു ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സലിം കുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളാണ്.
ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ്സ് തിരുവല്ലയാണ് നിർമാണം. ഛായാഗ്രഹണം അജ്മൽ ബാബു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. ലൈൻ പ്രൊഡ്യുസർ-വിനോദ് ഷൊർണ്ണൂർ, കല-അജയൻ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈൻ-സമീറ സനീഷ്,സ്റ്റിൽസ്-ജയപ്രകാശ് പയ്യന്നൂർ,എഡിറ്റർ-രഞ്ജൻ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഘു രാമ വർമ്മ,പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ.
അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നിവയ്ക്ക് ശേഷം യുഎഇ പശ്ചാത്തലമാക്കി ലാൽ ജോസ് ഒരുക്കുന്ന ചിത്രമാണിത്.