Entertainment

പോര് മുറുകി; നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

മഹാരാഷ്ട്ര സര്‍ക്കാരും ബോളിവുഡ് നടി കങ്കണ റണൌട്ടും തമ്മിലുള്ള പോര് മുറുകുന്നു, കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചു നീക്കുകയാണ്. അനധികൃത നിര്‍മാണമെന്ന് കാണിച്ച് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കങ്കണ ഇന്ന് മുംബൈയില്‍ മടങ്ങിയെത്തും.

മുംബൈ ഘര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിനോട് ചേര്‍ന്ന കെട്ടിടമാണ് ബ്രിഹന്‍സ് മുംബൈ കോര്‍പ്പറേഷന്‍ പൊളിക്കുന്നത്. അനധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ച് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ കങ്കണക്ക് ബിഎംസി നോട്ടീസ് നല്‍കിയിരുന്നു . വിശദീകരണം നല്‍കാത്ത സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കുന്നത്.

രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നും രാമക്ഷേത്രം പൊളിച്ചതിന് തുല്യമാണിതെന്നും കങ്കണ കെട്ടിടം പൊളിക്കലിനോട് പ്രതികരിച്ചു. പൊളിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കങ്കണയുടെ അഭിഭാഷകന്‍ മുംബൈ കോടതിയെ സമീപിച്ചിട്ടുണ്ട്.

നടന്‍ സുശാന്ത് സിങ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് കങ്കണയും മാഹാരാഷ്ട്ര സര്‍ക്കാറും പോര് തുടങ്ങിയത്. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാറും ശിവസേനയും പ്രതിഷേധവുമായെത്തി. കങ്കണ മുബൈയില്‍ ജീവിക്കേണ്ടതില്ലെന്ന് ശിവസേന പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു .

ഈ സാഹചര്യത്തില്‍ ഇന്ന് കങ്കണ മുംബൈയിലേക്ക് മടങ്ങിയെത്തുകയാണ്. കേന്ദ്രം ഏര്‍പ്പെടുത്തിയ വൈ കാറ്റഗറി സുരക്ഷയോടെയാണ് മുംബൈയിലെത്തുന്നത്. മൊഹാലി വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ച കങ്കണ മൂന്ന് മണിയോടെ മുംബൈയിലെത്തും. കങ്കണക്ക് സുരക്ഷ ഒരുക്കുമെന്ന് കര്‍ണി സേന അറിയിച്ചിട്ടുണ്ട്. ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്താനും സാധ്യതയുണ്ട് . അതേ സമയം മയക്കുമരുന്ന് കേസില്‍ കങ്കണയെ ചോദ്യം ചെയ്യാനുള്ള സാധ്യതയുണുമുണ്ട്.