Entertainment

മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച്‌ സുപ്രിയ

മലയാളികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റെത്. പൃഥ്വിക്കൊപ്പം ഏട്ടന്‍ ഇന്ദ്രജിത്ത് സുകുമാരനും എല്ലാവരുടെയും പ്രിയ താരമാണ്്. പൃഥ്വി നായകവേഷങ്ങളില്‍ തിളങ്ങിയപ്പോള്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ഇന്ദ്രജിത്ത് തിളങ്ങിയത്.

രണ്ട് പേരുടെയും സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വി മലയാളത്തില്‍ ശ്രദ്ധേയനായത്.ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവനിലെ വേഷം ഇന്ദ്രത്തിന്റെ കരിയറിലും വഴിത്തിരിവായി മാറിയിരുന്നു.

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ സംരംഭമായ ലൂസിഫറില്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആദ്യമായി സംവിധാനം ചെയത ചിത്രത്തില്‍ പ്രാഘാന്യമുളള ഒരു കഥാപാത്രം തന്നെയാണ് ചേട്ടന് പൃഥ്വി നല്‍കിയത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് പൃഥ്വിയും ഇന്ദ്രനും. ഇവര്‍ക്കൊപ്പം സുപ്രിയയും പൂര്‍ണിമയും കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പങ്കുവെച്ച പുതിയൊരു കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ മൂന്ന് തലമുറകളുടെ ചിത്രമാണ് താരപത്‌നി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്‍ സുകുമാരന്റെ ചിത്രത്തിന് താഴെ രണ്ട് കസേരകളിലായി ഇരിക്കുന്ന മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും.

ഇവരുടെ മടിയിലായി മക്കളായ അല്ലിയും നക്ഷത്രയും ഇരിക്കുന്നു. കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്ന ഒരു വാരാന്ത്യത്തിലെ ചിത്രമായിരുന്നു സുപ്രിയ പങ്കുവെച്ചത്. മൂന്ന് തലമുറകള്‍ എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. പൃഥ്വിക്കൊപ്പം സുപ്രിയയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

മുന്‍പ് ഭര്‍ത്തൃപിതാവ് സുകുമാരന്റെ ഓര്‍മ്മദിവസത്തില്‍ സുപ്രിയയുടെതായി വന്ന പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. പൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ടെന്നും. കാഴ്ചയിലും സ്വഭാവത്തിലും അദ്ദേഹത്തെ പോലെയെന്നും ആണ് സുപ്രിയ കുറിച്ചിരുന്നത്. അന്ന് പോസ്റ്റിനൊപ്പം പൃഥ്വിരാജുമായി രൂപസാദൃശ്യം തോന്നുന്ന സുകുമാരന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയും സുപ്രിയ പങ്കുവെച്ചിരുന്നു. അച്ഛന് അഭിമാനമാവാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് അന്ന് പൃഥ്വിരാജ് കുറിച്ചിരുന്നത്.

സുകുമാരന്റെ സിനിമകള്‍ക്കെല്ലാം എന്നും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നടന്‍മാരില്‍ ഒരാളായിരുന്നു സുകുമാരന്‍. അദ്ദേഹത്തിന്റെ മരണ ശേഷമാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം സിനിമയില്‍ തിളങ്ങിയത്. ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ രണ്ട് താരങ്ങളാണ് ഇവര്‍.

അച്ഛന്റെ ആഗ്രഹം സഫലീകരിച്ചുകൊണ്ടാണ് പൃഥ്വിരാജ് സംവിധായകനായി മാറിയിരുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ പിതാവിനായിരുന്നു പൃഥ്വി സമര്‍പ്പിച്ചിരുന്നത്. സിനിമയില്‍ തിളങ്ങിയ ശേഷവും അച്ഛനൊപ്പമുളള ഓര്‍മ്മകള്‍ പൃഥ്വി പങ്കുവെക്കാറുണ്ട്.