കഥ പറച്ചിലിന്റെ വ്യത്യസ്തയും പ്രമേയത്തിന്റെ സമ്പന്നതയും അഭിനയ മികവും കൊണ്ട് ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ് വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. ജീവിത ലക്ഷ്യത്തിലെത്താൻ ഏതറ്റം വരെയും പോകുന്ന മുകുന്ദൻ ഉണ്ണി എന്ന വക്കീൽ കഥാപാത്രത്തോടൊപ്പം സിനിമയുടെ തുടക്കം മുതൽ അവസാനം വരെ യാത്ര ചെയ്യാൻ പ്രക്ഷകർക്ക് കഴിഞ്ഞു എന്നിടത്താണ് സിനിമയുടെ വിജയം.
സമകാലികമായി ഏറെ ചർച്ചയാക്കേണ്ട ഒരു വിഷയം സരസമായി കൈകാര്യം ചെയ്യുന്ന സിനിമ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് .മലയാളത്തിൽ അത്രകണ്ട് ആഘോഷിക്കപ്പെടാത്ത ഡാർക്ക് കോമഡിയുടെ സാധ്യതകളെ കൃത്യമായി ഉപയോഗിച്ചു കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമ സംവിധാന മികവുകൊണ്ടും ഏറെ ശ്രദ്ധേയമാണ് . മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രം വിനീത് ശ്രീനിവാസന്റെ അഭിനയ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാവുകയാണ് . സൂരാജ് വെഞ്ഞാറമൂടിന്റെ വേണു വക്കീൽ തിയേറ്ററിൽ കയ്യടി നേടുന്നുണ്ട് . സിനിമയിൽ അഭിനയിച്ചവർക്കെല്ലാം കൃത്യമായ സ്പേസ് അടയാളപ്പെടുത്തുന്ന സിനിമ റിലീസിന്റെ ദിനം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു
നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ സുധികോപ്പ മുഴുനീള കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കുന്നുണ്ട് . തൻവിയും ആർഷയും സിനിമയുടെ കഥയിൽ സുപ്രധാനമായ ഇടം അവകാശപ്പെടുന്ന വേഷമാണ് ചെയ്തിരിക്കുന്നത് . സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ലാഗ് ഇല്ലാതെ കണ്ടാസ്വദിക്കാവുന്ന സിനിമ തന്നെയാണ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി . ഒരുപിടി മികച്ച സിനിമകളുടെ എഡിറ്റർ ആയിരുന്ന അഭിനവ് സുന്ദർ നായ്ക്ക് സംവിധാനം ചെയ്ത സിനിമ സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമാണ് . സിനിമയുടെ പൂർണതയിൽ എഡിറ്റിംഗ് സാധ്യതകളുടെ സ്ഥാനത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട് ഈ ചിത്രം.
ജീവിത നേട്ടങ്ങൾ നേടിയെടുക്കാൻ ഏതറ്റവും വരെ പോകുന്ന മുകുന്ദനുണ്ണിയുടെ ജീവിതം പ്രേക്ഷകരുടെ മനസും കീഴടക്കി കഴിഞ്ഞു . മലയാളികളുടെ സിനിമ കാഴ്ചയുടെ വാർപ്പ് മാതൃകകളെ അട്ടി മറിക്കുന്ന സിനിമയാവുകായാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് . സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും വിമൽ ഗോപലകൃഷ്ണനും ചേർന്നാണ് .