ആസാമില്‍ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. താന്ത്രികാരാധനയുടെ കേന്ദ്രമായാണ് കാമാഖ്യ ദേവി ക്ഷേത്രത്തെ തീര്‍ത്ഥാടകര്‍ കാണുന്നത്. കാമാഖ്യയിലേക്കുള്ള യാത്രാ വിവരണ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
കാമാഖ്യ സന്ദര്‍ശനത്തിന് ശേഷം ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്കും യാത്രയുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറയുന്നു. യാത്രയുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ യാത്ര ഞങ്ങള്‍ എന്നോ ആഗ്രഹിച്ചതാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ആര്‍. രാമാനന്ദിനൊപ്പമാണ് യാത്രകള്‍.
മോഹന്‍ലാലിന്റെ യാത്രാക്കുറിപ്പ്:
കേട്ടു കേള്‍വി കൊണ്ടല്ലല്ലോ ഒരിടം എന്താണെന്നറിയുന്നത്. ഞാന്‍ കാമാഖ്യയെ കുറിച്ച് കേട്ടത് എന്നാണ് ? ഓര്‍മ്മയില്ല. പക്ഷേ കേട്ട നാള്‍ മുതല്‍ അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങള്‍ തന്നെയാണ് അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നത് പക്ഷേ ആഗ്രഹം മാത്രം മതിയാവില്ല പലതും സംഭവിക്കാന്‍ . പറയാവുന്നതും പറയാതിരിക്കാവുന്നതുമായ നൂറു കാര്യങ്ങള്‍ ഒരേ സമയം ഒത്തിണങ്ങുമ്പോള്‍ ചിലത് സംഭവിക്കുന്നു അത്രമാത്രം. അങ്ങനെ സംഭവിച്ചതാണ് കാമാഖ്യ യാത്ര. ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്റെ തൊട്ടിലായിട്ടാണ് കാമാഖ്യ അറിയപ്പെടുന്നത്.
നൂറു നൂറു അര്‍ത്ഥങ്ങള്‍ തന്ത്ര എന്ന ശബ്ദത്തിന് ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷേ ഞാനത് ആദ്യം കേട്ടത് എന്റെ അമ്മാവന്റെ (ഗോപിനാഥന്‍ നായര്‍ ) അടുത്ത് നിന്നാണ്. അന്ന് മുതല്‍ ആ വഴിയില്‍ ഒരുപാട് മഹാത്മക്കളെ കാണുവാനും അറിയുവാനും സാധിച്ചിട്ടുണ്ട്. ഞാനറിഞ്ഞ തന്ത്രയുടെ അര്‍ത്ഥം ജീവിച്ചു കാണിച്ചവര്‍. തിരക്കുള്ള സിനിമാ ജീവിതത്തിനിടയില്‍ ഞാനവരെയൊക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട്. അവബോധത്തിന്റെ മാര്‍ഗ്ഗത്തിലെ അവധൂതര്‍.
തന്ത്രയെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അതൊരു തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ പോലെ മാത്രമേയുള്ളു. അറിയാനുള്ളതറിയാന്‍ ഇനിയും എത്രെയോ മുന്‍പിലേക്ക് പോകണം. കാമാഖ്യ യോനി പ്രതിഷ്ഠിച്ച ക്ഷേത്രമാണ്. യോനി എന്നാല്‍ വരുന്നയിടം എന്നാണര്‍ത്ഥം. നമ്മളെല്ലാവരും വന്നയിടം. ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പല്‍ നമ്മില്‍ സഹജമായി ഇരിക്കുന്നതാണ്. അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം.
ഇവിടെ വന്നപ്പോള്‍ മാത്രമാണ് ഞാന്‍ ഈ ഭൂമിയുടെ ചരിത്രമറിഞ്ഞത്. ഏതാണ്ട് അറുന്നുറു വര്‍ഷം അഹോം രാജാക്കന്മാര്‍ ഭരിച്ചയിടം. മുഗള്‍ ബ്രിട്ടിഷ് വാഴ്ച്ചയെ ശക്തമായി പ്രതിരോധിച്ച അഹോം രാജാക്കന്മാരെ ഞാന്‍ ചരിത്ര പാഠപുസ്തകത്തില്‍ പഠിച്ചതായി ഓര്‍ക്കുന്നില്ല. അസ്സാമുള്‍പ്പടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ചു നമ്മള്‍ കൂടുതല്‍ ശ്രദ്ധയോടെ പഠിക്കേണ്ടത് ഇന്ത്യയുടെ ദേശീയോത്ഗ്രഥനത്തിന് സഹായകമാണ്. കാമാഖ്യ ക്ഷേത്രത്തിന്റെ ചരിത്രം അഹോമുകളുടെ ചരിത്രത്തെയും കടന്ന് പിന്നോട്ട് പോകുന്നുണ്ട്. പുരാണങ്ങളില്‍ നരകാസുരനുമായി ഒക്കെ ബന്ധപ്പെട്ട കഥകള്‍ കാമാഖ്യയെ കുറിച്ച് കാണുന്നു. കാളികാ പുരാണം കിരാത ഭാവത്തിലുള്ള കാളി എന്ന് കാമാഖ്യയെ വിളിക്കുന്നു.
നമ്മുടെ കേരളത്തിലെ കാടാമ്പുഴ ക്ഷേത്രം കിരാത ഭാവത്തിലുള്ള കാളി തന്നെയാണ് അവിടെയും നോക്കിയാല്‍ ഒരു കണക്കിന് യോനി തന്നെ പ്രതിഷ്ഠ. ഞങ്ങളോടൊപ്പം ക്ഷേത്രത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തന്ന പണ്ഡിറ്റ് നയന്‍ ജ്യോതി ശര്‍മ്മ ക്ഷേത്രത്തിന്റെ പഴക്കം ദ്വാപരയുഗത്തോളം എന്നാണ് പറഞ്ഞത്. ചരിത്രപരമായി ഇതിന്റെ പഴക്കം ഏഴാം നൂറ്റാണ്ടില്‍ വരെ കൊണ്ട് ചെന്നെത്തിക്കാന്‍ ചരിത്രകാരന്മാര്‍ക്ക് സാധിച്ചിട്ടുണ്ട്. തീര്‍ച്ചയായും കാമാഖ്യയിലെ യോനീ സങ്കല്‍പത്തിനും ആരാധനയ്ക്കും മനുഷ്യ കുലത്തോളം പഴക്കമുണ്ട്. അതി മനോഹരമായ ഈ ക്ഷേത്രം ജാതിയോ മതമോ നോക്കാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നയിടമാണ്. തീര്‍ച്ചയായും വന്നു കാണേണ്ടതായ അനുഭവിക്കേണ്ടതായ ഒരിടം.
ഇന്ന് കാമാഖ്യയെ കണ്ടു നാളെ രാവിലെ ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്ക്, ഉമാനന്ദനെ കാണാന്‍. ഭൂപന്‍ ഹസാരിക ഹൃദയം നിറഞ്ഞു പാടിയ ബ്രഹ്മപുത്രയിലൂടെ ഒരു യാത്ര. നദികളുടെ കൂട്ടത്തിലെ പുരുഷനെ കാണാന്‍ ഒരു യാത്ര. ഈ യാത്ര ഞങ്ങള്‍ എന്നോ ആഗ്രഹിച്ചതാണ്. എന്റെ കൂടെ റാം ഉണ്ട് (ആര്‍. രാമാനന്ദ്). കാമാഖ്യ പോകണ്ടേ എന്ന ചോദ്യത്തിന് ഇന്ന് ഒരു വിരാമമായി. ഇനി ഭാരതത്തില്‍ പോകാനുള്ള മറ്റ് അത്ഭുത സ്ഥലങ്ങള്‍ കൂടെ പോകാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.