Entertainment

സിനിമാ പ്രവര്‍ത്തകരോട് കശ്മീരില്‍ ചെന്ന് ചിത്രീകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് മോദി

കശ്മീരില്‍ ചെന്ന് ചിത്രീകരണം ചെയ്യാന്‍ സിനിമാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനയിലെ 370ആം വകുപ്പ്, 35 എ വകുപ്പ് എന്നിവ എടുത്തുമാറ്റിയതിന് പിന്നാലെയാണ് കശ്മീര്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് തുറന്നു കൊടുത്തുകൊണ്ടുള്ള മോദിയുടെ പ്രസ്താവന. മോദി രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് കശ്മീരിന്റെ ഭാവി സിനിമാമേഖലക്കായി എല്ലാവിധ അധികാരത്തോടും കൂടി തുറന്നുകൊടുത്തുള്ള അനുമതി നല്‍കിയത്. പുതിയ തീരുമാനത്തിലൂടെ കശ്മീരി യുവാക്കള്‍ക്ക് താഴ്‍വരയുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാമെന്നും ഇതിലൂടെ ജമ്മൂ കശ്മീരിനെ രാജ്യത്തെ പ്രധാന ടൂറിസറ്റ് ഹബ് ആക്കിമാറ്റാമെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സിനിമാപ്രവര്‍ത്തകരോട് താഴ്‍വരയില്‍ ചിത്രീകരണം ആരംഭിക്കാനും മോദി ആവശ്യപ്പെട്ടു.

‘കശ്മീര്‍ ബോളിവുഡ് സിനിമാ നിര്‍മ്മാതാക്കളുടെ പ്രധാന ചിത്രീകരണ മേഖലയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കശ്മീരില്‍ ചിത്രീകരിക്കാത്ത ഒരു സിനിമ പോലും അന്നുണ്ടായിരുന്നില്ല. അന്താരാഷ്ട്ര സിനിമകള്‍ അവിടെ ഇനിയും ചിത്രീകരിക്കുന്ന സമയം വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലോകം മുഴുവന്‍ ജമ്മു കശ്മീരില്‍ വന്ന് സിനിമ ചിത്രീകരിക്കും. ബോളിവുഡ്. തെലുഗു. തമിഴ് സിനിമാ നിര്‍മ്മാതാക്കളോട് കശ്മീരില്‍ വന്ന് സിനിമ ചിത്രീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു’; മോദി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ഷാരുഖ് ഖാന്‍ നായകനായ ജബ് തക് ഹൈജാന്‍, സല്‍മാന്‍ ഖാന്റെ ബജ്റംഗി ബൈജാന്‍, റണ്‍ബീര്‍-ദീപിക കൂട്ടുക്കെട്ടിലെത്തിയ യെ ജവാനി ഹൈ ദിവായ്, ഷാഹിദ് കപ്പൂര്‍ നായകനായ ഹൈദര്‍, ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ റാസി എന്നീ സിനിമകളെല്ലാം തന്നെ കശ്മീരില്‍ ചിത്രീകരണം നടത്തിയ ഏറ്റവും പുതിയ സിനിമകളാണ്. അതെ സമയം കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറയുന്ന ഷേര്‍ഷാ സിനിമയുടെ ചിത്രീകരണം കശ്മീരില്‍ ആരംഭിക്കാനിരിക്കുകയാണ്. സിദ്ധര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ചിത്രം താഴ്‍വരയിലെ പുതിയ സാഹചര്യം പരിഗണിച്ച് ചിത്രീകരണം ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളെ തള്ളി സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ പിന്നീട് രംഗത്തുവന്നു. നേരത്തെ തീരുമാനിച്ചത് പോലെ തന്നെ ആഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.