ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്ക് ‘ഷബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തീയറ്ററുകളിൽ എത്തും. മിതാലിയുടെ 39ആം ജന്മദിനമായ ഇന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും മിതാലി രാജും ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചു.
ശ്രീജിത് മുഖർജിയാണ് ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററുടെ ബയോപിക്ക് സംവിധാനം ചെയ്യുക. തപ്സി പന്നു ചിത്രത്തിൽ മിതാലി രാജിനെ അവതരിപ്പിക്കും. വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിർഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിൽ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റൺസ് പോലും ഏകദിനത്തിൽ നേടിയിട്ടില്ല. 89 ടി-20 മത്സരങ്ങളിൽ നിന്ന് 2364 റൺസ് നേടിയ മിതാലി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതാണ്. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉൾപ്പെടെ 699 റൺസും മിതാലി നേടിയിട്ടുണ്ട്.