സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് തിയറ്ററുകളിലെത്തും. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ‘ഇതിഹാസ’യുടെ നിര്‍മ്മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിക്കുന്നത്.
അത്ര പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത നിലയിലാണ് ചിത്രത്തിന്‍റെ ടീസറും ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ സിനിമയുടെ സ്വഭാവം സംബന്ധിച്ച് സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി സൂചന നല്‍കുന്നുണ്ട്. ഒരു ഫാമിലി സ്റ്റോണര്‍ ആയിരിക്കും ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. യൂട്യൂബില്‍ ട്രെയിലറിന് വന്ന കമന്‍റിന് മറുപടിയായണ് ജെനിത് കാച്ചപ്പിള്ളി സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്ന മറുപടി നല്‍കിയത്. പ്രേമം ടീമിന്റെ റീ യൂണിയനും അപ്പുറം ചിത്രത്തിന് ഫാമിലി സ്റ്റോണര്‍ സ്വഭാവമാണെന്നതു കൊണ്ടു തന്നെ സിനിമപ്രേമികള്‍ ചിത്രത്തിനായി ഏറെ പ്രതീക്ഷയിലാണ്