Entertainment

മരടിലെ ഫ്ലാറ്റ് പൊളിച്ചുമാറ്റല്‍; താമസക്കാരുടെ ദുരിതങ്ങള്‍ ഡോക്യുമെന്‍ററിയാക്കാന്‍ സംവിധായകന്‍ ബ്ലെസി

മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചുമാറ്റുന്നതിലൂടെ ദുരിതമനുഭിക്കേണ്ടി വരുന്ന താമസക്കാരുടെ പ്രശ്നങ്ങള്‍ സംവിധായന്‍ ബ്ലെസി ഡോക്യുമെന്‍ററിയാക്കുന്നു. മരടിലെ ഫ്ലാറ്റുകളില്‍ കിടപ്പിലായ രോഗികള്‍ മുതല്‍ പരീക്ഷക്ക് പോകുന്ന കുട്ടികള്‍ വരെയുണ്ട്. ഫ്ലാറ്റ് പൊളിക്കുന്നതിലൂടെ ചെയ്യാത്ത തെറ്റിന് ദുരിതമനുഭവിക്കേണ്ടി വരുന്ന ഇവരുടെ ജീവിതമാണ് ഡോക്യുമെന്‍ററിയില്‍ പ്രധാനമായുള്ളത്. ഫ്ലാറ്റില്‍ നിന്നും താമസക്കാര്‍ കുടിയിറക്കപ്പെടുന്നതിന്‍റെ ചിത്രങ്ങള്‍ ബ്ലെസിയുടെ സഹായികള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞ വിവരം.

മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിക്കുന്നതിലേക്ക് നയിച്ച കാരണങ്ങളും അതുമൂലം ദുരിതമനുഭവിക്കുന്നവരുടെ യഥാര്‍ഥ ചിത്രവുമാണ് ഡോക്യുമെന്‍ററി ഇനി ചിത്രീകരണത്തില്‍ ഉള്‍പ്പെടുത്തുക. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരടില്‍ പൊളിച്ചുമാറ്റാന്‍ പോകുന്ന ഹോളി ഫെയ്ത്ത് എച്.ടു.ഒ ഫ്ലാറ്റിലെ അന്തേവാസിയാണ് ബ്ലെസി. മാര്‍ ക്രിസോസ്റ്റം മെത്രാപൊലിത്തയെക്കുറിച്ച് ഡോക്യുമെന്‍ററി ചെയ്ത ബ്ലെസിയുടെ രണ്ടാമത്തെ ഡോക്യുമെന്‍ററിയാണ് ഇത്. തന്മാത്ര, കാഴ്ച, ഭ്രമരം തുടങ്ങി മികച്ച സിനിമകളുടെ സംവിധായകനായ ബ്ലെസി ബെന്യാമിന്‍റെ ആടുജീവിതത്തെ സിനിമയാക്കുന്നതിനിടയിലാണ് ഡോക്യുമെന്‍ററിയും ചെയ്യുന്നത്.