നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍ സംവിധാന രംഗത്തേക്ക്. ചിത്രത്തില്‍ സ്വന്തം സഹോദരി തന്നെയാണ് നായിക. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. മോഹന്‍ദാസ് ദാമോദരന്റെ നിര്‍മാണത്തില്‍ പ്രമോദ് മോഹനാണ് തിരക്കഥയൊരുക്കുന്നത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മധു വാര്യര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് ദാമോദരന്‍ നിര്‍മ്മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു’-മധു കുറിച്ചു.
ക്യാംപസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു കടന്ന മധു മായാ മോഹിനി, സ്വലേ എന്നീ സിനിമകളുടെ നിര്‍മാതാവ് കൂടിയാണ്. നീണ്ട ഇടവേളക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കുടമാറ്റം, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവയിലാണ് ഇവര്‍ മുന്‍പ് ഒന്നിച്ചഭിനയിച്ചത്.