ഹിമാചലില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി. സനല്‍ കുമാര്‍ ശശിധരന്‍റെ സിനിമാ ഷൂട്ടിങിന് പോയ 30 അംഗ സംഘമാണ് ഹിമാചലിലെ ഛത്രുവില്‍ കുടുങ്ങിയത്. സംഘത്തെ ഉടന്‍ മണാലിയിലേക്ക് എത്തിക്കും.
സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യരും സംഘവും ഛത്രുവിൽ എത്തിയത്. സാറ്റലൈറ്റ് ഫോണിലൂടെ മഞ്ജു വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്ന് സഹോദരന്‍ മധു വാര്യര്‍ മീഡിയവണിനോട് പറഞ്ഞു.
മൂന്നാഴ്ച മുന്‍പാണ് സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമക്കായി സംഘം ഹിമാചല്‍ പ്രദേശില്‍ എത്തിയത്. കനത്ത മഴ പെയ്യുന്ന ഹിമാചല്‍ പ്രദേശില്‍ പലയിടങ്ങളും റോഡ് തകര്‍ന്നതും മലയിടിഞ്ഞതും മൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഒരു ദിവസത്തെ ഭക്ഷണം മാത്രമേ ഇവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. വിഷയത്തില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഇടപെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര വകുപ്പുമായി അദ്ദേഹം ബന്ധപ്പെട്ടു.
മേഘവിസ്ഫോടനമടക്കം ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുളുവിലെ പ്രധാന യാത്രാമാര്‍ഗമായ പാലവും തകര്‍ന്നിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് പലയിടത്തും രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന, ഡൽഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ജമ്മു കശ്മീർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്.