Entertainment

ഇനി നടക്കാനാവില്ലെന്ന് കരുതി ഭയന്നു: ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ച് മഞ്ജിമ മോഹന്‍

ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ചും അതിനെ താനെങ്ങനെ അതിജീവിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുമായി നടി മഞ്ജിമ മോഹന്‍. ഒരു അപകടത്തില്‍ കാലിന് പരിക്കേറ്റ മഞ്ജിമ ശസ്ത്രക്രിയക്ക് വിധേയയായി. ഇനി ഒരിക്കലും നടക്കാനാവില്ലെന്നും ഇനി ഒരിക്കലും അഭിനയിക്കാനും നൃത്തം ചെയ്യാനും കഴിയില്ലെന്ന് കരുതി ഭയം മൂടിയ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് മഞ്ജിമ.

മഞ്ജിമയുടെ കുറിപ്പ് ഇങ്ങനെ..

എനിക്കുണ്ടായ അപകടത്തെ കുറിച്ചും ഞാനിപ്പോള്‍ സുഖം പ്രാപിക്കുകയാണെന്നും നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. മുന്‍പും പല താരങ്ങളും ഇതിലും മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും അതിന്റെ ആഴം മനസ്സിലായത് അത് സ്വയം നേരിടേണ്ടി വന്നപ്പോഴാണ്. ജീവിതത്തില്‍ തിരിച്ചുവരവ് നടത്തിയ എല്ലാവരോടും ആദരം.

അപകടം പറ്റിയ ആദ്യ നാളുകളില്‍ എന്റെ മനസിലുണ്ടായിരുന്ന ചിന്ത, ഇനി നടക്കാനാവുമോ സിനിമ ചെയ്യാനാകുമോ നൃത്തം ചെയ്യാന്‍ കഴിയുമോ എന്നൊക്കെയായിരുന്നു‍. ഇല്ല എന്ന് തന്നെ കരുതി. എല്ലാ വിശ്വാസവും നഷ്ടപ്പെട്ട് ഭയം മൂടിയ ദിവസങ്ങള്‍. കുടുംബവും സുഹൃത്തുക്കളും പിന്തുണ നല്‍കിയെങ്കിലും പൊരുതാനുള്ള ശേഷിയില്ലായിരുന്നു.

പ്രതീക്ഷ കൈവന്നത് സംവിധായകന്‍റെ ഫോണ്‍ വിളിയിലൂടെയാണ്. സുഖപ്പെടുന്ന നാളുകളില്‍ സിനിമ ചെയ്യാം എന്നദ്ദേഹം ഉറപ്പ് നല്‍കി. അപ്പോള്‍ ഞാന്‍ ആലോചിച്ചു. അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ട്. എനിക്ക് കഴിയും. അങ്ങനെ കിടക്കയില്‍ നിന്നും ഞാന്‍ എന്നെ സ്വയം വലിച്ച് പുറത്തിട്ടു.

ഷൂട്ട് തുടങ്ങിയ ദിവസം എന്റെ ശക്തി ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴും എന്നില്‍ വിശ്വസമില്ലാത്ത ആളുകള്‍ ഉണ്ടാകുമോ എന്ന ഭയമുണ്ടായിരുന്നു. എന്നെ വിശ്വസിച്ച ആളിന് വേണ്ടിയെങ്കിലും പരമാവധി കഴിയും വിധം ജോലി ചെയ്യാന്‍ തീരുമാനിച്ചു. പ്രൊഡക്ഷന്‍ വിഭാഗത്തിലെ എല്ലാവരും താങ്ങായി. നടക്കാനും ഷോട്ടുകള്‍ക്കിടയില്‍ വിശ്രമിക്കാനുമൊക്കെ അവര്‍ അവസരം നല്‍കി. ദിവസങ്ങള്‍ കടന്ന് പോകവേ ക്ഷീണം തോന്നി. പക്ഷേ ജോലി തുടര്‍ന്നു. കാലുകള്‍ക്ക് ബലം വന്നു. വേഗം സുഖപ്പെട്ടു. എന്നില്‍ എനിക്കുള്ള വിശ്വാസം വര്‍ധിച്ചു.

ഇപ്പോള്‍ ഉള്ളില്‍ ഭയവും സംശയും ഒട്ടും ഇല്ല. എന്നില്‍ വിശ്വാസമുണ്ടായിരുന്നവര്‍ക്ക് നന്ദി. വലിയ കുഴിയില്‍ നിന്നും എന്നെ പിടിച്ചുവലിച്ച് പുറത്തിട്ടവര്‍ക്ക് ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് നന്ദി. നന്ദിയോടെ ഈ ചിത്രം ഞാന്‍ പോസ്റ്റ് ചെയ്യുന്നു. നന്ദി മനു, ഉപാധികളില്ലാത്ത വിശ്വാസത്തിന്..