Entertainment

സിനിമയെ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല: മമ്മൂട്ടി

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ ആ ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിന്‍റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ അതേക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ (Mammootty) പ്രതികരണം. താന്‍ നായകനാവുന്ന പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന്‍റെ (Bheeshma Parvam) പ്രൊമോഷുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഡീഗ്രേഡിംഗ് പണ്ടും ഉള്ള കാര്യമാണെന്നും എന്നാല്‍ ബോധപൂര്‍വ്വം ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. എന്നാല്‍ തിയറ്ററുകളില്‍ ഫാന്‍സിന് പ്രവേശനം നിഷേധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്താനിരിക്കുന്ന ഭീഷ്‍മ പര്‍വ്വത്തെക്കുറിച്ചും ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച മൈക്കിള്‍ എന്ന കഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. അമല്‍ നീരദും മമ്മൂട്ടിയും ഒത്തുചേര്‍ന്ന ആദ്യ ചിത്രം ബിഗ് ബിയില്‍ താന്‍ അവതരിപ്പിച്ച ബിലാലില്‍ നിന്നും മൈക്കിളിനെ വ്യത്യസ്തനാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി പറഞ്ഞു. മൈക്കിളിന്‍റെ സംസാരരീതിയെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ- സ്ലാംഗിന് ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ഇത് 86 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. അതിന്‍റേതായ നേരിയ വ്യത്യാസം ഉണ്ടാവും ഭാഷ സംസാരിക്കുന്ന കാര്യത്തില്‍. മേക്കിംഗിലോ കഥയിലോ കഥാപാത്രങ്ങളിലോ ബിലാലുമായി സാമ്യമില്ല. വേണമെങ്കില്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി കഥാപരിസരത്തില്‍ ഒരു സാമ്യതയെന്ന് പറയാമെന്നേയുള്ളൂ. 

അമല്‍ നീരദ് എന്ന സംവിധായകനില്‍ കാണുന്ന പ്രത്യേകതയെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ- സിനിമയോട് ഭയങ്കരമായി ഇഷ്ടമുള്ള ആളുകള്‍ സിനിമയെടുക്കുമ്പോള്‍ സിനിമയില്‍ കുറച്ച് അത് കാണാന്‍ പറ്റും. എല്ലാവരും ഇഷ്ടം കൊണ്ടുതന്നെയാണ് സിനിമ എടുക്കുന്നത്. ചിലരുടെ സിനിമയില്‍ അത് പക്ഷേ കാണാന്‍ പറ്റില്ല. ചിലരുടേതില്‍ കാണാന്‍ പറ്റും. അങ്ങനെയുള്ള ഒരാളാണ് അമല്‍, മമ്മൂട്ടി പറഞ്ഞു, ഭീഷ്മ പര്‍വ്വം ഒരു കുടുംബകഥയല്ലെന്നും മറിച്ച് കുടുംബങ്ങളുടെ കഥയാണെന്നും മമ്മൂട്ടി പ്രതികരിച്ചു.

അന്തരിച്ച നെടുമുടി വേണുവും കെപിഎസി ലളിതയും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു അവര്‍. അവര്‍ മാത്രമല്ല മണ്‍മറഞ്ഞുപോയ ഒരുപാടുപേര്‍. അവരൊന്നും ഇനിയില്ല എന്നതിലാണ് സങ്കടം. നെടുമുടി വേണുവിനെയും കെപിഎസി ലളിതയെയും ചിത്രത്തിന്‍റെ ട്രെയ്ലറില്‍ കണ്ടപ്പോള്‍ പോലും ഇമോഷണല്‍ ആയിപ്പോയെന്നും മമ്മൂട്ടി പ്രതികരിച്ചു.

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം.