മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസ് തിയതി നീട്ടി. സിനിമയുടെ ഔദ്യോഗിക പേജിലൂടെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രേക്ഷകരോട് മാപ്പ് പറഞ്ഞാണ് പുതുക്കിയ തിയതി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. ചിത്രം എല്ലാ വിധ ആസ്വാദന നിലവാരത്തോടും കൂടി ഡിസംബർ 12ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ നവംബര്‍ 21നായിരുന്നു റിലീസ് തിയതി ആയി പ്രഖ്യാപിച്ചിരുന്നത്.
‘മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ റിലീസ് ചെയ്യുന്നതിനാൽ നമ്മൾ മുമ്പ് കാണാത്ത ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നു. സിനിമയുടെ റിലീസ് നീണ്ടതിൽ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു. സിനിമയുടെ മറ്റുള്ള ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബർ 12ന് റിലീസ് ചെയ്യും.’–മാമാങ്കം ടീം ഫേസ്ബുക്കില്‍ കുറിച്ചു.
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. അവലംബിത തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനം. കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‍ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് എം. പത്മകുമാർ ചിത്രത്തിനായി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിരുന്നത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്.
കാവ്യ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന മാമാങ്കത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. ബിഗ് ബജറ്റിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലും പുറത്തിറങ്ങും.