Entertainment

മലയാളത്തില്‍ എനിക്ക്‌ കഥ തരുമോ : കാര്‍ത്തി ചോദിക്കുന്നു

എന്നെ ഏറെ ഇഷ്ടപ്പെടുന്ന കേരളം സ്വന്തം നാടുതന്നെയാണ്‌. മലയാളത്തില്‍ അഭിനയിക്കാന്‍ അതിയായ മോഹമുണ്ട്‌. നല്ല തിരക്കഥയ്‌ക്കായി കാത്തിരിക്കുകയാണ്‌- – തമിഴ്‌ താരം കാര്‍ത്തി പറഞ്ഞു. ദീപാവലി റിലീസായ ‘കൈദി’ യുടെ പ്രചാരണാര്‍ഥം പാലക്കാട് എത്തിയ കാര്‍ത്തി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കാന്‍ പറ്റുന്ന കഥകളുമായി പലരും എത്താറുണ്ട്‌. അവരെ കേള്‍ക്കാറുമുണ്ട്‌. -വ്യത്യസ്‍തമായ കഥയും കഥാപാത്രവുമായാല്‍ മലയാളത്തിലെത്തും. കേരളത്തിലെത്തുമ്ബോള്‍ സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണ്. തമിഴ്‍നാട്ടിലേത് പോലുള്ള സ്‌നേ ഹമാണ് ഇവിടെയും ലഭിക്കുന്നത്. പാലക്കാടും മലമ്ബുഴയുമെല്ലാം അച്ഛന് പ്രിയപ്പെട്ട സ്ഥലങ്ങളാണ്. മലമ്ബുഴ ഡാം കാണാന്‍ കോയമ്ബത്തൂരില്‍നിന്ന്‌ സൈക്കിളില്‍ വന്ന കഥ അച്ഛന്‍ പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബ് ഷൂട്ടിങ്ങിനായി മലമ്ബുഴയിലെത്തിയപ്പോള്‍ ആദ്യം ചെയ്‍തത് ഫോട്ടോ എടുത്ത് അച്ഛന് അയച്ചു കൊടുക്കുകയാണ്. ഒരിക്കല്‍ കൂടി അച്ഛനെ ഇവിടെയൊക്കെ കൊണ്ടുവന്ന് കാണിക്കണമെന്നു ആ​ഗ്രഹമുണ്ട്‌. സഹോദരന്‍ സൂര്യയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ട്‌. പറ്റിയ കഥ ലഭിക്കുന്നില്ല. നല്ല കഥയും സംവിധായകനുമാണെങ്കില്‍ വില്ലനാണെങ്കില്‍ കൂടി സഹോദരനൊപ്പം അഭിനയിക്കും.

ഒരു ദീപാവലി ദിവസത്തില്‍ അതിരാവിലെ ബാഷ കണ്ടയാളാണ് ഞാന്‍. മറ്റൊരു ദീപാവലി ദിവസത്തില്‍ കൈദി റിലീസാകുമ്ബോള്‍ വലിയ സന്തോഷം –കാര്‍ത്തി പറഞ്ഞു.

ലോകേഷ് കനകരാജ്‌ സംവിധാനം ചെയ്‍ത കൈദി നാല് മണിക്കൂറിനകം നടക്കുന്ന ത്രില്ലറാണ്. സ്വന്തം മകളെ കാണാന്‍ ജയില്‍ ചാടിയെത്തുന്ന കുറ്റവാളിയായാണ് കാര്‍ത്തി വേഷമിടുന്നത്. കാര്‍ത്തിക്കൊപ്പം മലയാളി താരം നരേനും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പൂര്‍ണമായും രാത്രിയാണ് കഥ നടക്കുന്നത് എന്നതാണ്. നായികയോ ​ഗാനങ്ങളോ ചിത്രത്തിലില്ല. എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവും ചേര്‍ന്നാണ് നിര്‍മാണം. ഏറെ ശ്രദ്ധിക്കപ്പെട്ട ‘മാന​ഗരം’ എന്ന ആദ്യ ചിത്രത്തിന് ശേഷം രണ്ട് വര്‍ഷം കൊണ്ടാണ് ‘കൈദി’ ലോകേഷ് കനകരാജ് പൂര്‍ത്തിയാക്കിയത്. വിജയിയുടെ ‘ബി​ഗിലി’നൊപ്പം റിലീസാകുന്ന ചിത്രം ഡ്രീം വാരിയേഴ്സ് പിക്‍‌ചേഴ്സ് ആണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്.