Entertainment

ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ ?? മലയാളസിനിമ ചിരിച്ച് തള്ളിയ ട്രൂ ലവ്

ഇത് വരെ മലയാള സിനിമയിൽ വന്നിട്ടുള്ള എന്നാൽ ആരും ചർച്ചചെയ്യപ്പെടാതെ പോയിട്ടുള്ള പ്രണയങ്ങൾ ഉണ്ട്. അതിന് പല കാരണങ്ങളും ഉണ്ടാവും. ഒരുപക്ഷെ, ചെയ്ത കഥാപാത്രങ്ങൾ സിനിമയിലെ ലീഡ് റോൾ അല്ലായിരുന്നത് കൊണ്ടാവാം. അല്ലെങ്കിൽ കോമഡി നടന്മാർ ചെയ്തതുകൊണ്ട് പലപ്പോഴും കോമഡി ആയി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ചില പ്രണയരംഗങ്ങൾ, എന്നാൽ മറ്റൊരു പെർസ്പെക്റ്റീവിൽ നോക്കുമ്പോൾ വളരെ ഇന്റെൻസ് ആണ് എന്ന് തോന്നുന്ന മലയാളത്തിലെ ചില കാമുകി കാമുകന്മാരുണ്ട്.

1. മീശ മാധവൻ

മീശ മാധവൻ സിനിമയിലെ ജഗതിയുടെ പിള്ളേച്ചൻ എന്ന കഥാപാത്രത്തിന് പട്ടാളക്കാരന്റെ ഭാര്യയോടുള്ള അടുപ്പം. അത് ഒരു കാമം എന്നതിലുപരി പിള്ളേച്ചൻ അവരെ വളരെ അധികം സ്നേഹിക്കുന്നുണ്ട്. വീട്ടിലേക്കുള്ള അരി, പഞ്ചസാരയൊക്കെ മേടിച്ചുകൊടുക്കുന്നു, തുടങ്ങിയ സീനിലൊക്കെ പറഞ്ഞും പറയാതെയും പട്ടാളക്കാരന്റെ ഭാര്യയോട് പിള്ളേച്ചനുള്ള കെയർ ഉണ്ട്. അല്ലെങ്കിൽ അത്രേം റിസ്ക് എടുത്ത് ഒരു പട്ടാളക്കാരന്റെ ഭാര്യയെ തന്നെ നോക്കണ്ട കാര്യം ആ കഥാപാത്രത്തിന് ഇല്ല.

2. പട്ടണ പ്രവേശം

പട്ടണ പ്രവേശം എന്ന സിനിമയിൽ വേലക്കാരി ജാനു വളരെ ജെനുവിൻ ആയിട്ടാണ് അവളുടെ ഇഷ്ട്ടം ശ്രീനിവാസനോട് തുറന്നു പറയുന്നത്. വളരെ ഇന്നസെന്റ് ആയിട്ടും ട്രാൻസ്പെരന്റ് ആയിട്ടുമുള്ള ഒരു തുറന്ന് പറച്ചിലാണത്. ചേട്ടന് പഴം ചോറ് കിട്ടിയോ എന്ന് ചോദിക്കുന്ന രംഗം, ഇവിടെയെല്ലാം ശ്രീനിവാസന്റെ ആ കഥാപാത്രത്തെ കുറിച്ച് വളരെ കൺസേൺ ആണ് ആ സ്ത്രീ. അയാൾ ചെയ്യുന്ന ജോലി അയാളുടെ ഹാർഡ്‌വർക്ക് എല്ലാം അവൾ വളരെ കരുതലോടെ ആണ് കാണുന്നത്. ചേട്ടന് ആരെയെങ്കിലും ലവ് ചെയ്‌തിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ആ കഥാപാത്രത്തിന് കിട്ടുന്ന മറുപടി കുറച്ചു കൂടിയ അവഗണനയുടെയും പരിഹാസത്തിന്റെയൊക്കെ ആയിരുന്നു, എന്നിട്ടും നിറഞ്ഞ ചിരി ഉണർത്തിയ രംഗങ്ങളാണ് അതൊക്കെ. പക്ഷെ അവിടെയൊന്നും ആ സ്ത്രീയുടെ ഇമോഷനെ എംഫസൈസ് ചെയ്യുന്നില്ല.

അതുപോലെ ദോസ്ത് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ സുഹൃത്തായി വരുന്ന ചിഞ്ചു എന്ന കഥാപാത്രം ജഗതിയോട് കാട്ടുന്ന ഒരു അടുപ്പമുണ്ട്. ഇത്തരത്തിൽ ഒരു കോമഡി രീതിയിൽ ചില പ്രത്യേക ആവശ്യങ്ങൾ നേടിയെടുക്കാൻ മാറ്റപ്പെടുന്ന കാമുകി കാമുകന്മാർ.

3. നിറം

നിറം എന്ന ചിത്രത്തിലെ ജോമോളിന്റെ കഥാപാത്രമെടുത്താൽ, എബിയുടെയും സോനയുടെയും വളരെ ടോക്സിക് ആയ ഫ്രെണ്ട്ഷിപ്പിനിടയിലും തികച്ചും നിസ്വാർത്ഥമായ സ്നേഹം ആണ് ജോമോളിന്റെ കഥാപാത്രത്തിനുള്ളത്. എങ്കിലും, ട്രോള് ആക്കി മാറ്റപ്പെട്ട കഥാപാത്രമാണത്. എബിയ്ക്ക് സോനയോടുള്ള അടുപ്പം മനസ്സിലായിട്ടും വളരെ മെച്യുർഡ് ആയ രീതിയിൽ ഇമോഷൻ എല്ലാം ഉള്ളിൽ ഒതുക്കി ജോമോളിന്റെ കഥാപാത്രം ആ സിറ്റുവേഷനെ സമീപിക്കുന്നു. കൂടാതെ, എബിയ്ക്ക് സോനയോടുള്ള അടുപ്പം തുറന്ന് പറയാൻ കൂടെ നിന്ന് സഹായിക്കുന്നതും ജോമോളിന്റെ ഈ കാരക്റ്ററാണ്. എന്നിട്ടും സിനിമയിൽ മുഴുവൻ കൊണ്ടാടിയത് എബിയുടേം സോനയുടേം വളരെ ടോക്സിക് ആയുള്ള പ്രണയത്തെ ആണ്. മാത്രമല്ല, വളരെ പരോപകാരി ആണ് ആ കാരക്റ്റർ. പക്ഷെ എല്ലാവരാലും പറ്റിക്കപ്പെടുന്ന അല്ലെങ്കിൽ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തൊക്കെ ഉരുണ്ട് വീഴുന്ന ഒരു കോമാളി കഥാപാത്രം പോലെയാണ് അത് ചിത്രീകരിക്കപ്പെട്ടത്.

4. കുഞ്ഞിക്കൂനൻ

കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിൽ സലിം കുമാർ, നവ്യാനായർ അഭിനയിക്കുന്ന അന്ധയായ കഥാപാത്രത്തിന് ഒരു ജീവിതം കൊടുക്കാമായിരുന്നു എന്ന് പറയുന്ന രംഗമുണ്ട്. അത് അവിടെ ഒരു ഹാസ്യ രൂപേണ ആണ് കാണിക്കുന്നതെങ്കിലും, അവിടെ ആ കഥാപാത്രത്തിനോട് തോന്നുന്ന ഒരു അടുപ്പമുണ്ട്, ഒരു ഫിസിക്കൽ അട്ട്രാക്ഷനോ അത്തരത്തിലുള്ള സീനുകളൊന്നും അവിടെ വരുന്നില്ല, അവൾക്കൊരു ജീവിതം കൊടുക്കാം എന്ന് ആണ് അയാൾ പറയുന്നത്, ഇത് തന്നെയാണ് സിനിമയിലെ നായക കഥാപാത്രമായ ദിലീപും ചെയ്യുന്നത് പക്ഷെ ദിലീപ് ചെയ്യുമ്പോൾ അതിന് വളരെ ഹൈപ്പും എന്നാൽ സലിം കുമാറിന്റെ കഥാപാത്രം പറയുമ്പോൾ അത് കോമഡിയും ആയി മാറപ്പെടുന്നു. കാരണം അതൊരു നായക കഥാപാത്രം അല്ല. അങ്ങനെ പല സോകോൾഡ് മുഖ്യദാര സിനിമകളുടെ കാരക്ടർ കൺസ്ട്രക്ഷൻ ആണ് ഇവിടെയും കാണാൻ കഴിയുന്നത്.

ഇനി ചാർളിൻചാപ്ലിൻ സിനിമയിൽ കൽപ്പനയുടെയും ജഗതിയുടെയും അഫയർ കാട്ടുന്നുണ്ട്, പക്ഷെ അതിൽ കല്പ്പനയുടെ സഹോദരൻ ഹരിശ്രീ അശോകന്റെ കാരക്ടർ അതിനെ നിഷേധിക്കുന്നു. എന്നാൽ അതിനു ഇടയിലൂടെയും വളരുന്ന ഇവർക്കിടയിലെ പ്രണയം ആ സിനിമയിൽ കാണാം.

5. പുലിവാൽ കല്യാണം

പുലിവാൽ കല്യാണം സിനിമയിലെ സലിം കുമാറും പ്രിയങ്കയും തമ്മിലുള്ള ഒരു കോമ്പിനേഷൻ ഉണ്ട്. ആ ഒരു സീൻ ആദ്യമൊരു കോമഡി രീതിയിൽ ആണ് കൺസ്ട്രക്ടറ്റ് ചെയ്യുന്നതെങ്കിലും അതിനിടയിലും ഒരു ജെനുവിനിറ്റി വരുന്നുണ്ട്. ജയസൂര്യക്ക് വേണ്ടി പെണ്ണുകാണാൻ പോകുന്ന സീനിലാണ് സലിം കുമാറും പ്രിയങ്കയും ആദ്യമായി കാണുന്ന രംഗമുള്ളത്. അവിടെ കൊച്ചിൻ ഹനീഫ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, പ്രിയങ്കയുടെ ‘അമ്മ ആയി വരുന്ന കഥാപാത്രത്തെ തനിക്ക് അറിയാമെന്നും ബോംബെ റെഡ് സ്ട്രീറ്റിൽ ഉള്ളതാണെന്നും പറയുന്ന ഭാഗം, അതിന്ന് തന്നെ സലിംകുമാർ അവരുടെ ബാക്ഗ്രൗണ്ടും കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നുണ്ട്. ചുറ്റും നിക്കുന്ന കൊച്ചിൻ ഹനീഫയുടെ കാരക്റ്ററും, അതുപോലെ നായകനായ ജയസൂര്യയുടെ കാരക്റ്ററും ഒരു പരിഹാസ രൂപേണ സമീപിച്ചിട്ടും സലിം കുമാറും പ്രിയങ്കയും തമ്മിൽ ഒരു അടുപ്പം ഉണ്ടാവുകയും സിനിമയ്‌ക്കൊടുവിൽ അത് കല്യാണം വരെ എത്തുകയും ചെയ്യുന്നു.

6. കല്യാണരാമൻ

കല്യാണരാമൻ സിനിമയിലേക്ക് വന്നാൽ പ്രായമായ രണ്ടുപേർക്കിടയിൽ കാട്ടുന്ന എന്നാൽ അത്ര തീവ്രമായി പരാമർശിക്കപ്പെടാതെ പോയ ഒരു പ്രണയം ഉണ്ട്. ഒരു ചെറു പുഞ്ചിരി പോലുള്ള സിനിമയിൽ അത് വളരെ ഡെപ്തിൽ കാണിച്ചിട്ടുള്ളപ്പോൾ കല്യാണ രാമനിൽ അത് ഒരു സില്ലി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് കാണുമ്പോൾ ഒരു ചിരി വരുമെങ്കിലും അവരുടെ ഇഷ്ട്ടം അത്ര കണ്ട് ചർച്ചചെയ്യപ്പെടാതെ പോയ ഒന്നാണ്. പിന്നീട് സോഷ്യൽ മീഡിയ യുഗത്തിൽ അത് ട്രോളായി ഒത്തിരി വന്നിട്ടുണ്ടെങ്കിലും അതിൽ കൂടുതൽ ആ പ്രണയം ഡെസേർവ് ചെയ്യുന്നുണ്ട് എന്ന് പലപ്പോഴും തോന്നിയേക്കാം.

സോകോൾഡ് മുഖ്യധാരാ സിനിമകൾ എന്ന് പറയുന്ന ചില സിമികൾ ഉണ്ടാക്കി വച്ചിട്ടുള്ള ഒരു സ്ട്രക്ച്ചറിന്റെ ഭാഗമായി അവഗണിക്കപ്പെട്ടിട്ടുള്ള അല്ലെങ്കിൽ കുറച്ചു കൂടി പ്രാധ്യാനം ലഭിക്കേണ്ട ചില പ്രണയ രംഗങ്ങളാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷെ, മറ്റൊരു പെർസ്പെക്റ്റീവിൽ അപ്പ്രോച് ചെയ്യുമ്പോൾ അവയ്ക്ക് നമ്മൾ ഇന്ന് ക്ലാണുന്ന ഒരു മുഖം ആയിരിക്കില്ല, മറിച്ച് എല്ലാ കഥാപാത്രങ്ങൾക്കും ഓരോ ഇമോഷൻസ് ഉണ്ട്, നേരത്തെ പറഞ്ഞത് പോലെ മുഖ്യധാരാ സിനിമകൾ കോമഡി കഥാപാത്രങ്ങൾ ഉണ്ടാക്കുമ്പോൾ അവർക്ക് വലിയ ഇമോഷണൽ ഡെപ്ത് കൊടുക്കാറില്ല. അതിന്റെ ഭാഗമായിട്ടാണ് നമ്മളീ പറഞ്ഞ കഥാപാത്രങ്ങളിലെല്ലാം പ്രണയങ്ങൾ ചിരിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്നത്.
ഈ വാലെന്റൈൻസ് ഡെയിൽ നമ്മൾ പ്രണയചിത്രങ്ങളെ പറ്റി സംസാരിക്കുമ്പോൾ നായക കഥാപാത്രങ്ങളുടെപോലെ വാഴ്ത്തപ്പെടാതെപോയ ഇത്തരം പ്രണയങ്ങളെ കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. സൈഡിലേക്ക് ഒതുങ്ങി പോയ കമിതാക്കൾ എണ്ണിയാൽ തീരാത്ത അത്രയുണ്ടാകാം സിനിമകളിൽ, ഇതിൽ കൂടുതൽ നിങ്ങളുടെ മനസ്സിലേക്ക് വരുന്നത് താഴെ കമന്റ് ചെയ്യാം.