Entertainment

ആ നീളം കൂടിയ ചിരി മലയാളി മറക്കില്ല; മാള അരവിന്ദന്റെ ഓര്‍മകള്‍ക്ക് ഏട്ട് വയസ്

മലയാളികളെ ചിരിച്ചും കരയിപ്പിച്ചും കടന്നുപോയ മഹാനടന്‍ മാള അരവിന്ദന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് എട്ടാണ്ട്. സ്വന്തം പേരിനേക്കാള്‍ നാട് തന്നെ പേരായിമാറിയ നടനെ ഓര്‍ക്കാന്‍ ഇന്നും ഒരു സ്മാരകം പോലുമില്ല. മാള അരവിന്ദന്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് മാള വ്യാപാരഭവനില്‍ അനുസ്മരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

മലയാളികള്‍ക്ക് മാളയെന്നാല്‍ അരവിന്ദന്‍ തന്നെയാണ്. മഹാനടന്റെ ഓര്‍മ്മകളുറങ്ങുന്ന നാട് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ തയാറായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, വടമ കിമര്‍, അമ്പഴക്കാട് റോഡ് എന്നിവയ്ക്ക് അരവിന്ദന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് ഫൌണ്ടേഷന്‍ കത്തുനല്‍കിയിട്ടും ഫലമുണ്ടായില്ല.

നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ 2018ല്‍ അരവിന്ദന്റെ സ്മരണയില്‍ ഒരു നാടകോത്സവം വലിയപറമ്പില്‍ സംഘടിപ്പിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയില്ലാതെ അതങ്ങവസാനിച്ചു. ഇന്ന് വൈകീട്ട് വ്യാപരഭവനില്‍ മാള അരവിന്ദനെ അനുസ്മരിക്കാന്‍ യോഗം ചേരുന്നുണ്ട്. സ്മാരകങ്ങള്‍ക്കുമപ്പുറം മാള അരവിന്ദന്‍ നല്‍കിയ കഥാപാത്രദേഹങ്ങളുടെ മാറ്റൊലി ഇന്നും അഭ്രപാളികളില്‍ തുടരുന്നുണ്ട്. അങ്ങിനെ ആ മനുഷ്യന്‍ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നുണ്ട്.