Entertainment

‘എന്റെ പിള്ളേരെ തൊടുന്നോടാ…?’; ലൂസിഫര്‍ പോസ്റ്ററിനെതിരെ കേരള പൊലീസ് സംഘടന

പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫറിന്റെ പ്രചാരണ പോസ്റ്ററിനെതിരെ  കേരള പൊലീസ് അസോസിയേഷൻ. പൊലീസുകാരെ പൊതുമധ്യത്തില്‍ മനഃപൂർവം മോശമാക്കി കാണിക്കുന്ന ഈ പ്രവണത ചെറുപ്പക്കാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്ന് അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.

മോഹൻലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം വില്ലനായ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന ചിത്രമാണ് പരസ്യപോസ്റ്ററിനായി ഉപയോഗിച്ചത്. ‘എന്റെ പിള്ളേരെ തൊടുന്നോടാ…?’ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗും പരസ്യത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്.

പോസ്റ്ററിനൊപ്പം നല്‍കിയ വാചകം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് അസോസിയേഷൻ ആരോപിക്കുന്നു.

കേരള പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ നിന്നും–

‘പൊലീസിനെ മനഃപൂർവം ആക്രമിക്കുന്ന നിരവധി സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ നടന്നുവരുന്നുണ്ട്. മുൻപ് കൊടും ക്രിമിനലുകളായിരുന്നു പൊലീസിനെ ആക്രമിച്ചിരുന്നതെങ്കിൽ നിർഭാഗ്യവശാൽ ഇപ്പോൾ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ചെറിയ തോതിലെങ്കിലും സാധാരണക്കാരയ യുവാക്കൾക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതിൽ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമപോലുളള മാധ്യമങ്ങളുടെ പങ്കുചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വർധിപ്പിക്കുന്നു. സമൂഹത്തിൽ വലിയ സ്വാധീനമുള്ള ഒരു നടൻ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുന്ന ഇത്തരം ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ നിയമം നടപ്പിലാക്കാൻ ഇറങ്ങുന്ന പൊലീസുദ്യോഗസ്ഥർ ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളിൽ ഉണ്ടായാൽ അതിശയപ്പെടാനില്ല. വാഹന പരിശോധനയ്ക്കിടയിൽ വാഹനം നിർത്താതെ പോകുന്നതും പൊലീസുദ്യോഗസ്ഥരെ മനഃപൂർവം വാഹനമിടിപ്പിക്കുന്നതുമായ സംഭവങ്ങൾ വാർത്താകാറുണ്ട്. ഇത്തരത്തിൽ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള നിരവധി പൊലീസുകാർ ചികിത്സയിലുമാണ്.

സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പരസ്യങ്ങൾ അരാചകത്വം ഉണ്ടാക്കുന്നതാണെന്ന് നിസംശയം പറയാൻ സാധിക്കും. സിനിമകളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ഹെൽമറ്റോ സീറ്റുബെൽറ്റോ ധരിക്കാതെ വാഹനമോടിക്കുമ്പോഴും കാണിക്കുന്ന മുന്നറിയിപ്പ് പൊലീസുദ്യോഗസ്ഥര്‍ സിനിമയിൽ ആക്രമിക്കപ്പെടുമ്പോഴും കാണിക്കുന്നതിനായുളള നടപടികൾ ഉണ്ടാകേണ്ടതാണ്. സിനിമയിൽ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ പോസ്റ്ററിലും പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതുപോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കേണ്ടതാണ്. അങ്ങനെ വരുമ്പോൾ ഒരുപരിധി വരെ പൊലീസിനെതിരെയുള്ള ആക്രമണങ്ങളിൽ പ്രചോദിതരാകുന്നത് തടയാൻ കഴിയും. ഇതിനുവേണ്ടിയുള്ള നടപടികൾ കൈക്കൊളളുന്നതിന് അപേക്ഷിക്കുന്നു.’

പോസ്റ്ററിന് എതിരെ വന്ന പൊലീസിന്റെ ആരോപണത്തിന് പ്രതിരോധം തീര്‍ക്കാന്‍ മോഹന്‍ലാല്‍ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.