എൽസിയു. അതായത്, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. സിനിമാ പ്രേമികൾ ആവേശത്തോടെ നോക്കിക്കാണുന്ന ഒരു പേര്. വെറും 5 സിനിമകൾ കൊണ്ട് സമകാലിക തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളെന്ന വിശേഷണത്തിലെത്തിയ ലോകേഷ് കനഗരാജിൻ്റെ ഭാവനയിൽ വിരിഞ്ഞ സിനിമാലോകം. റോളക്സ് എന്ന മയക്കുമരുന്ന് തലവനെതിരെ പൊലീസും മറ്റ് ചിലരും ചേർന്ന് നടത്തുന്ന പോരാട്ടമാണ് എൽസിയുവിൻ്റെ പ്ലോട്ട്. എൽസിയു എന്ന പേര് ആരാധകർ നൽകിയതാണെങ്കിലും ലോകേഷ് ആ പേര് സ്വയം സ്വീകരിച്ചുകഴിഞ്ഞു. (lokesh cinematic universe decoding)
2019ൽ കാർത്തി നായകനായി പുറത്തിറങ്ങിയ കൈതിയിലൂടെയാണ് ലോകേഷ് തൻ്റെ സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുന്നത്. മുൻകാല ഗ്യാങ്സ്റ്ററായ ദില്ലി കൊലക്കേസിൽ അകത്തായി 10 വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങുകയാണ്. തൻ്റെ മകളെ കാണുകയാണ് ലക്ഷ്യം. എന്നാൽ, ഈ ലക്ഷ്യത്തിലേക്കെത്താൻ അയാൾക്ക് പല കടമ്പകൾ കടക്കേണ്ടിയിരുന്നു. ഇൻസ്പെക്ടർ ബിജോയിൻ്റെ നേതൃത്വത്തിൽ നടത്തിയ മയക്കുമരുന്ന് വേട്ട അയാളുടെ പ്ലാനുകൾ തകിടം മറിയ്ക്കുന്നു. ദില്ലിയായി കാർത്തി എത്തിയപ്പോൾ ബിജോയ് ആയത് നരേൻ. 2017ൽ പുറത്തിറങ്ങിയ മാനഗരം എന്ന തൻ്റെ ആദ്യ ഫീച്ചർ സിനിമയുടെ വമ്പൻ വിജയത്തിനു പിന്നാലെ തന്നെ ലോകേഷ് ഇത്തരം ഷേർഡ് യൂണിവേഴ്സിനെപ്പറ്റി ആലോചിച്ചിരുന്നു എന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ലോകേഷ് പറഞ്ഞത്, വിക്രം എന്ന സിനിമ എഴുതുമ്പോൾ കൈതിയിലെ ഓപ്പൺ എൻഡുകൾ തമ്മിൽ കണക്ട് ചെയ്യുകയായിരുന്നു എന്നായിരുന്നു. 2022ലാണ് എൽസിയുവിലെ രണ്ടാമത്തെ ചിത്രമായ വിക്രം പുറത്തിറങ്ങുന്നത്.
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിര സമ്മേളിച്ച വിക്രം എന്ന സിനിമയിൽ ലോകേഷ് ഈ ഓപ്പൺ എൻഡഡ് പ്ലോട്ട് ലൈനുകൾക്ക് കണക്ഷനുണ്ടാക്കി. ഈ സിനിമയിലാണ് ലോകേഷ് തൻ്റെ വില്ലനെ അവതരിപ്പിച്ചത്. റോളക്സ്. ക്ലൈമാക്സിൽ സൂര്യ അവതരിപ്പിച്ച കാമിയോ റോൾ റോളക്സ് എന്ന വില്ലൻ്റെ എല്ലാ ഷേഡുകളും വ്യക്തമാക്കുന്നതായിരുന്നു.
Read Also: വിജയ് സ്വബോധത്തോടെയാണോ അഭിനയിച്ചത്, ‘ലിയോ’ ട്രെയിലർ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് വനിതാ നേതാവ്
എൽസിയുവിൻ്റെ മേക്കിംഗ് പരിഗണിക്കുമ്പോൾ ഡാർക്ക് ഷേഡ്, ഡാർക്ക് കളർ ടോൺ ആണ് ലോകേഷിൻ്റെ സ്റ്റൈൽ. കൈതിയിൽ ഒരു രാത്രിയിലെ കഥയാണെങ്കിൽ വിക്രമിൻ്റെ ക്ലൈമാക്സ് രാത്രിയിലാണ്. എന്നല്ല, പ്രധാനപ്പെട്ടതും ത്രില്ലിംഗായതുമായ സംഭവങ്ങളെല്ലാം നടക്കുന്നത് രാത്രിയാണ്. നാടൻ തോക്ക് മുതൽ പിസ്റ്റളും മെഷീൻ ഗണ്ണും എം134 മിനിഗണ്ണും എം2 ബ്രൗണിംഗും പീരങ്കിയും വരെ എൽസിയുവിൻ്റെ രണ്ട് സിനിമകളിലായി വന്നുപോയി. അടിച്ചും ഇടിച്ചുമുള്ള ബ്രൂട്ടൽ കൊലയും ഈ സിനിമകളിലുണ്ട്. ലിയോയിലും രാത്രി ഷോട്ടുകളും ഡാർക്ക് ഷേഡും കാണാം. ബ്രൂട്ടൽ കൊലകളുമുണ്ട്. ഇതിനൊപ്പം വിക്രമിൽ വിക്രം കൊച്ചുമകനെയും കൊണ്ട് കസേരയിൽ ഇരിക്കുന്നതുപോലൊരു രംഗം ലിയോയുടെ ട്രെയിലറിൽ കാണാം. കൈതിയിലും വിക്രമിലുമുള്ള ഡ്രഗ് കാർട്ടലിലെ അംഗങ്ങൾ അടൈക്കളം ദാസ്, അൻപ് ദാസ് എന്നിവരാണ്. ലിയോയിൽ ലിയോ ദാസ്, ഹരോൾഡ് ദാസ്, ആൻ്റണി ദാസ് എന്നിങ്ങനെ പേരുകൾ കാണാം. ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാവാമെന്നാണ് ഫാൻ തിയറി. ‘കുടുംബത്തിനു മേലെ യേണ്ടാ കൈവെക്കറീങ്കേ’ എന്ന ലിയോയുടെ ചോദ്യം എൽസിയുവിൻ്റെ പൊതു സ്വഭാവമായി എടുക്കാവുന്നതാണ്. വിക്രമിൻ്റെ മകൻ, ബിജോയുടെ കുടുംബം, അമറിൻ്റെ ഭാര്യ, ദില്ലിയുടെ ഭാര്യ. എൽസിയുവിൽ നായക പക്ഷത്തുള്ളവരുടെയെല്ലാം കുടുംബത്തിൽ ആരെയെങ്കിലുമൊക്കെ വില്ലന്മാർ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനപ്പുറം ലിയോ എൽസിയുവിൽ എവിടെയാണെന്നത് ട്രെയിലർ വിട്ടുപറയുന്നില്ല.
എൽസിയുവിൽ ദില്ലിയ്ക്ക് ഈ ഡ്രഗ് കാർട്ടലുമായുള്ള ബന്ധമാണ് ഇനി പ്രധാനമായി അറിയേണ്ടത്. പഴയ ഗ്യാങ്സ്റ്ററായിരുന്ന ദില്ലിയുടെ ഭാര്യയെയും മകളെയും എതിരാളികൾ കൊലപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് ദില്ലിക്ക് അവരെ കൊല്ലേണ്ടിവരുന്നത്. ഭാര്യ പക്ഷേ, മരണപ്പെടുകയാണ്. ഭാര്യയുടെ മരണത്തിൽ റോളക്സ് ഗ്യാങ്ങിനു പങ്കുണ്ടാവാമെന്ന് കരുതാം. ഇങ്ങനെ റോളക്സിൻ്റെ ചെറുതും വലുതുമായ ശിങ്കിടികൾ തങ്ങളുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതുകൊണ്ടാണല്ലോ അവരെ എതിർക്കാൻ നായകപക്ഷത്തുള്ളവർ വിക്രമിനൊപ്പം അണിനിരക്കുന്നത്. ദില്ലി, വിക്രം, ബിജോയ്, അമർ ഒരു പക്ഷത്ത്. റോളക്സ് എതിർവശത്ത്. ബ്ലഡി സ്വീറ്റ്!