നിപ വൈറസ് കേരളക്കരയെ പിടിച്ചു കുലുക്കിയ സമയം ധീരമായി രോഗികളെ സുശ്രൂഷിച്ച സിസ്റ്റര്‍ ലിനി വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മകളായി. ലിനിയോടുള്ള വാക്ക് പാലിച്ച് മക്കള്‍ക്ക് ഒരു കുറവും വരാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് ഭർത്താവ് സജീഷ്.
ലിനി മരിച്ച് മൂന്നാം ദിവസം നടി പാര്‍വതി തന്നെ വിളിച്ചിരുന്നുവെന്നും സമാധാനിപ്പിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തുകയാണ് സജീഷ്‍. കുട്ടികളുടെ പഠന ചെലവ് താന്‍ ഏറ്റെടുത്തോട്ടെ എന്ന് പാര്‍വതി ചോദിച്ചുവെന്നും സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഉയരെ…. ഉയരെ… പാർവ്വതി
പാർവ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകൻ കൂടിയാണ് ഞാൻ. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാൻ ശ്രമിച്ചിട്ടില്ല.
പക്ഷെ ഞാൻ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാർവ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയിൽ നിന്നും തുടച്ച് നീക്കാൻ നടത്തിയ ശ്രമങ്ങൾ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും
അതിനപ്പുറം പാർവ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത്
ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച്
” സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങൾ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കിൽ രണ്ട് മക്കളുടെയും പഠന ചിലവ് ഞാൻ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാൽ മതി” എന്ന വാക്കുകൾ ആണ്.
പക്ഷെ അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാർവ്വതി തന്നെ മുൻ കൈ എടുത്ത് അവറ്റിസ് മെഡിക്കൽ ഗ്രുപ്പ് ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു.
” ലിനിയുടെ മക്കൾക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം” എന്ന പാർവ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാൻ സന്നദ്ധനാക്കി.
ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എൻ.എ സംഘടിപ്പിച്ച അനുസ്മരണത്തിൽ വച്ച് പാർവ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാർത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു.
ഒരുപാട് സ്നേഹത്തോടെ Parvathy Thiruvothuന്
ആശംസകൾ