Entertainment

സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകന്‍

സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. 38 വർഷം മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സിനിമയിലെ മൂന്നു തലമുറകൾക്കൊപ്പം പ്രവർത്തിച്ചു. അവലംബിത തിരക്കഥകൾ ഒരുക്കുന്നതിലെ ലെനിൻ രാജേന്ദ്രന്റെ മികവിന് അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ തെളിവാണ്.

തിരുവനന്തപുരത്ത് ജനിച്ച ലെനിൻ രാജേന്ദ്രന് സിനിമയിലേക്കുള്ള വാതിൽ തുറന്നത് കോളജ് പഠനം കഴിഞ്ഞ് ജോലിക്കായി എറണാകുളത്ത് എത്തിയപ്പോഴാണ്. പ്രശസ്ത സംവിധായകനായിരുന്ന പി.എ ബക്കറിന്റെ സംവിധാനസഹായി ആയി തുടക്കം. സുകുമാരനെ നായകനാക്കി 1981ൽ വേനൽ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി സംവിധായക കുപ്പായം അണിഞ്ഞു.

തിരുവിതാംകൂറിന്റെ ചരിത്രം പറഞ്ഞ സ്വാതി തിരുനാൾ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം നേടി. 1992ൽ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികൾ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. എം മുകുന്ദൻ, സി.വി രാമൻപിള്ള, നിരഞ്ജന, കമല സുരയ്യ തുടങ്ങിയവരുടെയെല്ലാം രചനകൾ ലെനിൻ രാജേന്ദ്രന്റെ സിനിമക്ക് കഥകളായി.

ചില്ല്, പ്രേംനസീറിനെ കാണാനില്ല, മീനമാസത്തിലെ സൂര്യൻ, മഴ, മകരമഞ്ഞ്, ഇടവപ്പാതി തുടങ്ങി 15 സിനിമകൾ സംവിധാനം ചെയ്തു. 2012ൽ ചിത്രീകരണം പൂർത്തിയാക്കിയ മകരമഞ്ഞ് 2016ലായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. പ്രേംനസീർ മുതൽ പുതുതലമുറ അഭിനേതാക്കൾക്കൊപ്പം വരെ പ്രവർത്തിച്ച അപൂർവം സംവിധായകരിൽ ഒരാളാണ് ലെനിൻ രാജേന്ദ്രൻ. ബാല്യകാലസ്മരണകൾ എന്ന പേരിൽ ടെലിവിഷൻ പരമ്പരയും ഒരുക്കിയിട്ടുണ്ട്. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കൂടിയായിരുന്നു.