Entertainment

ഇന്ത്യയില്‍ തകര്‍ച്ച; അന്താരാഷ്ട്ര ബോക്‌സോഫീസില്‍ തകര്‍ത്ത് വാരി ‘ലാല്‍ സിംഗ് ഛദ്ദ’

ഇന്ത്യയില്‍ തകര്‍ന്ന് വീണപ്പോള്‍ അന്താരാഷ്ട്ര ബോക്‌സോഫീസില്‍ തകര്‍ത്ത് വാരി ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം കുതിപ്പ് തുടരുന്ന ഹിന്ദി ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ഗംഗുഭായി കത്തിയവാടി, ഭൂല്‍ ഭുലായ്യ2, ദ കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആമിര്‍ ഖാന്‍ ചിത്രത്തിന്റെ കുതിപ്പ്.

റിലീസിന് ശേഷം അന്താരാഷ്ട്രതലത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലാല്‍ സിംഗ് ഛദ്ദ നേടിയത് 7.5 മില്യണ്‍ ഡോളറാണ്. (59 കോടി രൂപ). ഗംഗുഭായി കത്തിയവാടി 7.47 മില്യണ്‍ ഡോളറും ഭൂല്‍ ഭുലായ്യ2 5.88 മില്യണ്‍ ഡോളറും കശ്മീര്‍ ഫയല്‍സ് 5.7 മില്യണ്‍ ഡോളറമാണ് നേടിയതെന്നാണ് കണക്കുകള്‍.

ഇന്ത്യയില്‍ ഹിറ്റായിരുന്നു ഈ മൂന്ന് ചിത്രങ്ങളുമെങ്കില്‍ ലാല്‍ സിംഗ് ഛദ്ദയ്ക്ക് വലിയ തിരിച്ചടിയാണ് രാജ്യത്ത് നേരിട്ടത്. അതേസമയം തെലുങ്ക് ചിത്രമായ ആര്‍ആര്‍ആര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 മില്യണ്‍ ഡോളറാണ് കൊയ്തത്.

180 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ആമിര്‍ ഖാന്‍ ചിത്രം ഇന്ത്യയില്‍ തകര്‍ന്നടിയാന്‍ വ്യാപക ബഹിഷ്‌കരണാഹ്വാനവും കാരണമായിരുന്നു. ചിത്രത്തിന്റെ ആകെ കളക്ഷന്‍ ഇപ്പോല്‍ 126 കോടിയിലേക്കാണ് കുതിക്കുന്നത്. ഇന്ത്യയില്‍ ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരെ വലിയ രീതിയിലാണ് ബഹിഷ്‌കരണാഹ്വാനം നടന്നത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ടിവി ഷോയില്‍ ആമിര്‍ സഹിഷ്ണുതയെ പറ്റി നടത്തിയ പരാമര്‍ശമാണ് സിനിമയെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിന് പിന്നില്‍. ആമിര്‍ ഖാന് രാജ്യസ്‌നേഹമില്ലെന്നും നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും ബഹുമാനമില്ലാത്തവരുടെ സിനിമ കാണരുതെന്നും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെയാണ് ഇന്ത്യന്‍ തീയറ്ററുകളില്‍ ചിത്രം തിരിച്ചടി നേരിട്ടത്.