Entertainment

‘ഇനി എന്നെ ആരു കാണണമെന്ന് ഞാൻ തീരുമാനിക്കും’; കുറുപ്പ് ട്രെയിലർ പുറത്ത്

ദുൽഖർ സൽമാൻ നായകനായും നിർമ്മാതാവുമായ ചിത്രം കുറുപ്പിൻ്റെ ട്രെയിലർ പുറത്തിറങ്ങി. അഞ്ച് ഇന്ത്യൻ ഭാഷകളിലാണ് ചിത്രം റിലീസാവുന്നത്. ട്രെയിലറും ഈ ഭാഷകളിലെല്ലാം പുറത്തിറക്കിയിട്ടുണ്ട്. സിനിമയുടെ സ്വഭാവത്തെപ്പറ്റി നേരിയ സൂചനയേ ട്രെയിലർ നൽകുന്നുള്ളൂ. കുറുപ്പ് സിനിമയിലെങ്കിലും പിടിക്കപ്പെടുമോ എന്ന ചോദ്യത്തിനുള്ള മറുപടി സിനിമയിൽ നിന്ന് ലഭിക്കുമെന്ന സൂചനയും ട്രെയിലറിൽ ഇല്ല. മികച്ച പ്രതികരണമാണ് ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്. (kurup movie trailer out)

ദുൽഖറിൻ്റെ ആദ്യ സിനിമയായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത് . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസും എം. സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളുരു, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.

സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും. കമ്മാര സംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികാ കഥാപാത്രമായെത്തുന്നത്. മറ്റ് നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.