ഒരിക്കല്‍ മലയാള സിനിമയില്‍ റൊമാന്റിക് ഹീറോ ആയിരുന്ന കുഞ്ചാക്കോ ബോബന്‍ ഇന്ന് വ്യത്യസ്തമായ വേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഏറ്റവും ഒടുവിലായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലറിലാണ് മലയാളികളുടെ ചാക്കോച്ചന്‍ അഭിനയിക്കുന്നത്. ക്രൈം ത്രില്ലറുകള്‍ തനിക്ക് ഏറെ പ്രിയമാണെന്ന് കുഞ്ചാക്കോ പറയുന്നു.
“ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങിയ കാലത്ത് ഞാന്‍ മമ്മുക്കയെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. വീട്ടില്‍ ഞാന്‍ അദ്ദേഹത്തെപ്പോലെ കാവി മുണ്ടൊക്കെ ഉടുത്ത് നടക്കും. സിനിമയിലെന്നപോലെ, എന്റെ സ്‌കൂള്‍ യൂണിഫോമിന്റെ ട്രൗസറിനുള്ളില്‍ ഞാന്‍ ഒരു രഹസ്യ പോക്കറ്റ് തുന്നിക്കെട്ടി എന്റെ ഫോട്ടോയും വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു രഹസ്യ ഐഡി കാര്‍ഡ് കൊണ്ടുനടക്കാറുണ്ടായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം അത് കൊണ്ടുപോകും. കുട്ടിക്കാലത്ത് ഞാന്‍ എന്തെല്ലാം ആയിത്തീരാന്‍ ആഗ്രഹിച്ചിട്ടുണ്ടോ, ആ വേഷങ്ങളെല്ലാം ഞാന്‍ എന്റെ സിനിമകളിലൂടെ ചെയ്തു,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.
അഞ്ചാം പാതിര എന്ന സിനിമയുടെ കഥ മിഥുൻ മാനുവൽ തോമസ് പറഞ്ഞപ്പോള്‍ തന്നെ ഇഷ്ടമായി- “കഥയിലെ അടുത്ത നീക്കങ്ങൾ കണ്ടുപിടിക്കാൻ എനിക്ക് കഴിയും എന്നായിരുന്നു വിശ്വാസം. എന്നാൽ മിഥുൻ എന്നെ ഞെട്ടിച്ചു. അമ്മാതിരി ട്വിസ്റ്റുകളാണ് സിനിമയിലുള്ളത്. ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, സംഗീത സംവിധായകൻ സുഷിൻ ശ്യാം, എഡിറ്റർ സൈജു ശ്രീധരൻ എന്നിവരുൾപ്പെടെയുള്ള നല്ലൊരു ടീമും ഈ ചിത്രത്തിലുണ്ട്”- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.