കെപിഎസി ലളിതയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും മലയാളികളും. ആറര പതിറ്റാണ്ടോളം നീണ്ട ആ അഭിനയ സപര്യയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് കലാകേരളം.’മനസ്സിനക്കരെ’ എന്ന ചിത്രത്തില്‍ കെപിഎസി ലളിത അഭിനയിച്ച് അനശ്വരമാക്കിയ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ നൊമ്പരപ്പെടുത്തുന്നത്.
പ്രിയകൂട്ടുകാരിയോട് വിട പറഞ്ഞ് മകനൊപ്പം അമേരിക്കയിലേക്ക് പോവാന്‍ ഒരുങ്ങുന്ന കുഞ്ഞുമറിയം മരണത്തെ കുറിച്ച് സംസാരിക്കുന്ന വാക്കുകള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. “കാലത്ത് ഞാന്‍ പോകും, പോകുമ്പോൾ എന്റെ മുന്നിലൊന്നും വന്നു നില്‍ക്കരുത്,” എന്ന് വിങ്ങിപ്പൊട്ടി കൊണ്ട് കൂട്ടുകാരിയെ പടിയിറക്കി വിടുകയാണ് കുഞ്ഞുമറിയം.
സന്ദേശം, മനസ്സിനക്കരെ, ഞാന്‍ പ്രകാശന്‍ മൂന്ന് കാലഘട്ടങ്ങളിലെ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍, ഇതുപോലെ ഇനിയും എത്രയോ കഥാപാത്രങ്ങളായി കെ പി എ സി ലളിതയെ വേണമായിരുന്നു സംവിധായകന്. അവരില്ലാതെ പുതിയൊരു സിനിമ ആലോചിക്കാന്‍പോലും പ്രയാസമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒടുവിലായി സംവിധാനംചെയ്ത മകള്‍ എന്ന ചിത്രത്തിലും ലളിതയ്ക്കായി ഒരു കഥാപാത്രം മാറ്റിവച്ചിരുന്നു.