Entertainment

‘ആ ഡയലോഗ് മുഴുവന്‍ ലളിത കാണാതെ പഠിച്ചു’; കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള നാടക ഓര്‍മകള്‍ പങ്കുവച്ച് പി.കലേശന്‍

ഏത് കഥാപാത്രവും തന്മയത്വത്തോടെ അഭിനയിക്കാന്‍ മിടുക്കുള്ള കലാകാരിയായിരുന്നു കെപിഎസി ലളതിയെന്ന് തബലിനിസ്റ്റും കെപിഎസി സുലോചനയുടെ ഭര്‍ത്താവുമായ പി കലേശന്‍. അമേച്വര്‍ നാടക വേദികളിലടക്കം കെപിഎസി ലളിതയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ച അവസരങ്ങള്‍ ഓര്‍മിക്കുകയാണ് പി കലേശന്‍.

‘ചെങ്ങന്നൂരില്‍ ഒരു അമേച്വര്‍ നാടകത്തിന് എത്തിയപ്പോഴാണ് ലളിതയെ ഞാനാദ്യമായി കാണുന്നത്. നവരാത്രി ദിനത്തില്‍ നാടകം അവതരിപ്പിക്കാന്‍ സുഹൃത്തുക്കളടക്കമാണ് തീരുമാനിച്ചത്. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ കാഞ്ചന സീത എന്ന നാടകമായിരുന്നു അത്. അതിനായി പ്രധാനപ്പെട്ട രണ്ട് സ്ത്രീകഥാപാത്രങ്ങളെ പുറത്തുനിന്ന് വിളിക്കാന്‍ തീരുമാനിച്ചിരുന്നു. കൗസല്യ, ഊര്‍മിള എന്നീ വേഷങ്ങള്‍ ചെയ്യാനായിരുന്നു നടിമാരെ വേണ്ടത്.

അങ്ങനെ കൗസല്യയായി വേഷമിടാന്‍ അന്നത്തെ അതുല്യനടി മാവേലിക്കര എന്‍ പൊന്നമ്മചേച്ചിയെ വിളിച്ചു. അതേ പ്രാധാന്യമുള്ള നടിയാണ് ഊര്‍മിള എന്ന വേഷവും അഭിനയിക്കേണ്ടത്. അത് ആരെങ്കിലുമൊക്കെ ചെയ്താല്‍ മതിയായിരുന്നില്ല. ഒടുവില്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് കണ്ടെത്തിയത് കെപിഎസി ലളിതയെയായിരുന്നു. ലളിതയെ പോയി കണ്ടപ്പോള്‍ തന്നെ അവര്‍ സമ്മതിച്ചു. കാഞ്ചന സീത നാടകത്തില്‍ ഒരുപാട് നീണ്ട നിരവധി ഡയലോഗുകളുണ്ട്. പക്ഷേ ലളിത അതെല്ലാം കൃത്യമായി കാണാതെ പഠിച്ചു. അതും സ്റ്റേജില്‍ ലളിതയുടെ അഭിനയവും എന്നെ ഞെട്ടിച്ചുകളഞ്ഞു. മറ്റൊരു കലാകാരിക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല’. പി കലേശന്‍ പറഞ്ഞു.