Entertainment

മേക്കപ്പും സാരിയും ഇഷ്ടമാണ്, ഈ ട്രാന്‍സ്ഫര്‍മേഷന്‍ മനഃപൂര്‍വ്വം; തുറന്നുപറഞ്ഞ് കൊറിയന്‍ മല്ലു

ആണിന് ഒരു വേഷം, പെണ്ണിന് ഒരു വേഷം ഇങ്ങനെ തരംതിരിച്ച് വച്ച സമൂഹത്തോട് ഞാന്‍ ഇതാണ്, ഇങ്ങനെയാണ് എന്റെ വേഷമെന്ന് ധൈര്യപൂര്‍വ്വം പറയുകയും പ്രവൃത്തിച്ച് കാണിച്ചുകൊടുക്കുകയും ചെയ്ത ആളാണ് ഡോ. സനോജ് റെജിനോള്‍ഡ്. സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി, ത്രെഡ് ചെയ്ത് വടിവൊത്തതാക്കിയ പുരികങ്ങളും നീട്ടിവളര്‍ത്തിയ മുടിയും ലിപ്സ്റ്റിക് ഇട്ട ചുണ്ടും കൊറിയന്‍ മല്ലുവിന് അഴകാണ്.

ആണായിട്ടോ പെണ്ണായിട്ടോ ജീവിക്കാന്‍ അല്ല, മനുഷ്യനായിട്ട് ജീവിക്കാന്‍ പഠിപ്പിക്കുന്ന ഒരു മനുഷ്യന്‍. സാരിയുടുത്താലും ചുരിദാര്‍ ഇട്ടാലും മേക്കപ്പ് ഇട്ടാലും കാണുന്നവര്‍ക്കെന്താണ്? എന്തിന് ആണാണോ പെണ്ണാണോ എന്ന് ചോദിക്കേണ്ട ആവശ്യം പോലും മറ്റുള്ളവര്‍ക്കില്ല. വേഷവിധാനത്തിലുള്ള അത്തരമൊരു ട്രാന്‍ഫര്‍മേഷനിലേക്ക് എത്തിയത് മനപൂര്‍വ്വമായിരുന്നെന്ന് കൊറിയന്‍ മല്ലു ട്വന്റിഫോര്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ടിക് ടോക് വന്നതിന് ശേഷം മലയാളികളുടെ മനോഭാവത്തില്‍ കുറേയേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ പൂര്‍ണമായും ഇല്ല. ആദ്യമൊക്കെ സൈബര്‍ അറ്റാക്കിങ് രൂക്ഷമായിരുന്നു. അതിനെല്ലാം കുറവുവന്നെങ്കിലും ഇന്നുമുണ്ട്. കുഞ്ഞിന് 1 വയസ് മാത്രം പ്രായമുള്ളപ്പോള്‍ അവനെ പോലും സൈബര്‍ ബുള്ളിയിങിന് ഇരയാക്കി ഉപയോഗിച്ചു. അതുമൊരു സ്ത്രീ’. ചുറ്റിലും ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും തനിക്ക് അതൊന്നും ബാധകമേയല്ല എന്ന് ഡോ.സനോജ് റെജിനോള്‍ഡ് പറയുന്നു.

ബി യുവര്‍ സെല്‍ഫ്, ആരെയും വേദനിപ്പിക്കാതിരിക്കുക എന്നാണ് മറ്റുള്ളവരോട് കൊറിയന്‍ മല്ലുവിന് പറയാനുള്ളത്. ‘ഒരാള്‍ക്കെങ്കിലും പ്രചോദനമായി മാറാന്‍ കഴിയുമെങ്കില്‍ അതാണ് വലുത്. കൊറിയയില്‍ നിന്ന് മകനും ഭാര്യയും ഒരിക്കല്‍ നാട്ടിലേക്ക് പോയപ്പോള്‍, കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. ചില ബന്ധുക്കള്‍ക്കൊക്കെ എന്റെ ഈ രീതികളോട് എതിര്‍പ്പായിരുന്നു. അവരരല്ലല്ലോ ഞാനല്ലേ കൂടെ നില്‍ക്കുന്നത് എന്ന് അപ്പോള്‍ ഭാര്യയോട് ചോദിച്ചു. ഇഷ്ടമുള്ള കാര്യങ്ങള്‍ നല്ലതാണെന്ന് ഭാര്യ തുറന്നുപറയും. ഇഷ്ടമില്ലെങ്കില്‍ കൊള്ളില്ലെന്നും പറയും. അവളെക്കാള്‍ മുടി എനിക്ക് വളരുമ്പോഴൊക്കെ ഇങ്ങനെ പറയാറുണ്ട്’.

പരുക്കന്‍ ശബ്ദം, മുഖത്തെ കട്ടിരോമം, മീശ ഇതൊക്കെയാണ് ആണിന് വേണ്ടത് എന്നാണ് സമൂഹം ഉണ്ടാക്കിവച്ച ധാരണ. അവയെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നതെന്നും കൊറിയന്‍ മല്ലു പറയുന്നു. 2013 മുതല്‍ കൊറിയയില്‍ ദാങ്കൂക് യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രജ്ഞനും ഇന്‍വൈറ്റഡ് പ്രൊഫസറുമാണ് ഡോ.സനോജ് റെജിനോള്‍ഡ്. ഗവേഷണങ്ങളില്‍ താത്പര്യം. കൊവിഡുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ് ഇപ്പോള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.