മലയാളത്തില്‍ നിന്ന് മമ്മൂട്ടി ചിത്രം ഉണ്ടയും ഇക്കയുടെ ശകടവും തമിഴില്‍ നിന്ന് നയന്‍താര ചിത്രം കൊലൈയുതിര്കാലവും വെള്ളിയാഴ്ചയെത്തും. ഈദിന് റിലീസ് ചെയ്യേണ്ടിയിരുന്ന ഉണ്ടയുടെ റിലീസ് 14 ലേക്ക് മാറ്റുകയായിരുന്നു. ഐറക്ക് ശേഷം ഇറങ്ങുന്ന നയന്‍താരയുടെ ത്രില്ലര്‍ ചിത്രമാണ് കൊലൈയുതിര്‍ കാലം.
അനുരാഗ കരിക്കിന് വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന് ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഹാസ്യത്തിനും ആക്ഷനും തുല്യ പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഹര്‍ഷാദാണ്. സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലെ നക്സല്‍ പ്രദേശത്തു തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.
അര്ജുന് അശോകന്, ഷൈന്‍ ടോം ചാക്കോ, റോണി, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, അലന്‍സിയര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ആരാധകര്‍ക്കായി നവാഗത സംവിധായകന് പ്രിന്‍സ് അവറാച്ചന് ഒരുക്കുന്ന ചിത്രമാണ് ഇക്കയുടെ ശകടം. ഹോംലി മീല്‍സ്, ഇടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡൊമനിക് തൊമ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അയ്യപ്പന് എന്ന യുവാവ് കൊച്ചിയിലെത്തുന്നതും, തുടര്‍ന്നുള്ള രണ്ട് ദിവസത്തിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. കഥകളി ആര്‍ടിസ്റ്റായ അശ്വിനിയാണ് ചിത്രത്തിലെ നായിക. 101 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അറം, മായ, കൊലമാവ് കോകില തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര നായികയാകുന്ന ചിത്രമാണ് കൊലൈയുതിര്‍കാലം. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ ചിത്രം ഹൊറര്‍ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉന്നൈ പോല്‍ ഒരുവന്, ബില്ലാ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചക്രി ടൊലേട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നായന്താരക്ക് പുറമേ ഭൂമിക, രോഹിണി, പ്രതാപ് പോത്തന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ചു രാജാമണിയാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.