Entertainment

സ്ഫടികം 2വിനെ പരിഹസിച്ച്‌ ആളൊരുക്കം സംവിധായകന്‍ വിസി അഭിലാഷ്

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ ഒരുക്കിയ സ്ഫടികം. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ സ്ഫടികം 2 ഇരുമ്ബന്‍ എന്ന ചിത്രവുമായി സംവിധായകന്‍ ബിജു.ജെ.കട്ടക്കല്‍ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. സ്ഫടികത്തിന്റെ തുടര്‍ച്ചയാണെന്ന് അവകാശപ്പെട്ട് ബിജു കെ കട്ടയ്ക്കല്‍ സ്ഫടികം 2 ഇറക്കാന്‍ ഒരുങ്ങുന്നത്. ഭദ്രന്റെ എതിര്‍പ്പ് മാനിക്കാതെയാണ് ഈ നീക്കം. സ്ഫടികം 2വിന്റെ ടീസറിനെതിരെ ആരാധകരുടെ രോഷം അണപൊട്ടുകയാണ്. ഇപ്പോഴിതാ ആളൊരുക്കത്തിന്റെ സംവിധായകന്‍ വി സി അഭിലാഷും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.

‘ഭദ്രന്‍ എന്ന സംവിധായക പ്രതിഭയുടെ സര്‍ഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകള്‍ അവഗണിച്ച്‌ ആ കുട്ടിസംവിധായകന്‍ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അതിനെതിരെ നമ്മള്‍ ചലച്ചിത്രപ്രേമികള്‍ പ്രതികരിക്കേണ്ടതുണ്ട്’-അഭിലാഷിന്റെ കുറിപ്പില്‍ പറയുന്നു. നിയമപോരാട്ടത്തിന് ഒരുങ്ങുന്ന ഭദ്രന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും അഭിലാഷ് വ്യക്തമാക്കി.

ഈ കോമാളിത്തത്തിന്റെ വരവറിയിച്ച്‌ ഒരു ടീസര്‍ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് ‘വല്ല വാര്‍ക്കപ്പണിക്കും പൊയ്ക്കൂടെടോ!’- എന്ന് ഒരു പ്രേക്ഷകന്‍ പ്രതികരിച്ച്‌ കണ്ടു. ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാര്‍ക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേര്‍ന്ന ഒന്നാണ്. ഇമ്മാതിരി ആളുകള്‍ക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്! എന്ന് അഭിലാഷ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങാന്‍ പോകുന്നത്രെ..!
ആടുതോമയെ ജനഹൃദയങ്ങളിലേക്ക് ഇറക്കിവിട്ട സംവിധായകന്‍ ഭദ്രന്റെ അനുമതി ഈ ചിത്രത്തിനില്ലെന്ന് മാത്രമല്ല, അദ്ദേഹം ഇത് പാടില്ലെന്ന് കര്‍ശനമായി താക്കീത് ചെയ്തിരുന്നതുമാണ്.

എന്നിട്ടും താരതമ്യേനെ നവാഗതനായ ഒരാളാണ് ഈ തോന്ന്യാസത്തിന് ഇറങ്ങിയിരിക്കുന്നത്.

ഭദ്രന്‍ എന്ന സംവിധായക പ്രതിഭയുടെ സര്‍ഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകള്‍ അവഗണിച്ച്‌ ആ കുട്ടിസംവിധായകന്‍ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അതിനെതിരെ നമ്മള്‍ ചലച്ചിത്ര പ്രേമികള്‍ പ്രതികരിക്കേണ്ടതുണ്ട്.

ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കല്‍പം തന്നെ ഒരു കാരണവശാലും ‘ഈ ടൈപ്പ് ഐറ്റങ്ങള്‍’ പുറം ലോകം കാണാന്‍ പാടില്ല എന്ന വാദം ശക്തമാക്കാന്‍ പോന്ന ഒന്നാണ്.

ഈ പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യണം. ക്ലാസിക്കുകള്‍ ക്ലാസിക്കുകളായി തുടരണം. അല്ലാതെ അവയുടെ തുടര്‍ച്ചയായി ആട്ടിന്‍കാട്ടങ്ങളല്ല ഉണ്ടാവേണ്ടത്.

ഭദ്രന്‍ സര്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

അദ്ദേഹത്തിന് ആദരപൂര്‍വം വിജയാശംസകളും പിന്തുണയും നേരുന്നു.

ഇത്രയും കൂടി: ഈ കോമാളിത്തത്തിന്റെ വരവറിയിച്ച്‌ ഒരു ടീസര്‍ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് ‘വല്ല വാര്‍ക്കപ്പണിക്കും പൊയ്ക്കൂടെടോ!’- എന്ന് ഒരു പ്രേക്ഷകന്‍ പ്രതികരിച്ച്‌ കണ്ടു.

ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാര്‍ക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേര്‍ന്ന ഒന്നാണ്. ഇമ്മാതിരി ആളുകള്‍ക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്!