നാദം സുന്ദരമാണ്, അത് ഗന്ധര്‍വ നാദമാണെങ്കില്‍ അതിസുന്ദരവും. ദേവലോകത്തില്‍ സംഗീത മഴ പൊഴിക്കുന്ന ഗന്ധര്‍വന്‍ ഭൂമിയില്‍ പിറന്നാലോ. ഭൂമി മുഴുവന്‍ സംഗീതമയമായിരിക്കും. പക്ഷേ ആ ഭാഗ്യം ലഭിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്കായിയിരുന്നു. മലയാളികളുടെ കാതുകളെ ഈണങ്ങളില്‍ കെട്ടിയിടാനായിരുന്നു ആ ഗാനഗന്ധര്‍വന്‍ ഭൂമിയിലേക്ക് വന്നത്. മലയാളിക്ക് ഗായകന്‍ എന്നാല്‍ യേശുദാസാണ്. എത്രയോ വര്‍ഷങ്ങളായി ആ മാന്ത്രിക ശബ്ദം നമ്മെ തഴുകിത്തലോടാന്‍ തുടങ്ങിയിട്ട്. ഇന്ന് യേശുദാസിന്റെ പിറന്നാളാണ്. കാലങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപ്പെടാത്ത ആ ശബ്ദമാധുര്യത്തിന് 80 വയസും.
മലയാളം മാത്രമല്ല അന്യസംസ്ഥാനക്കാരും അദ്ദേഹത്തിന്റെ സംഗീത മാധുര്യം കേട്ടനുഭവിച്ചിട്ടുണ്ട്. അസമീസ്, കാശ്മീരി, കൊങ്കണി ഭാഷകളിലൊഴികെ എല്ലാ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. കഷ്ടപ്പാടുകളിലൂടെയാണ് യേശുദാസ് എന്ന ഗായകന്‍ വളര്‍ന്നു വന്നത്. കര്‍ണാടക സംഗീതജ്ഞനും നാടക കലാകാരനുമായ പിതാവ് അഗസ്റ്റ്യന്‍ ജോസഫായിരുന്നു യേശുദാസിന് പ്രചോദനം. ഗാനഭൂഷണം പാസായശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്ത യേശുദാസ് പരാജയപ്പെട്ട ചരിത്രവുമുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ച യേശുദാസ് ചെമ്പൈയുടെ പ്രിയ ശിഷ്യനും കൂടിയായിരുന്നു.
സംഗീത പഠനം കഴിഞ്ഞയുടന്‍ ‘നല്ലതങ്ക’ എന്ന ചിത്രത്തിൽ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എങ്കിലും ദാസ് നിരാശനായില്ല. 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യഗാനം റെക്കോഡ് ചെയ്തത്. കെ.എസ് ആന്റണി എന്ന സംവിധായകന്‍ തന്റെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയിൽ പാടാൻ അവസരം നല്കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം ആലപിച്ചു കൊണ്ടാണ് യേശുദാസ് സിനിമയെന്ന മായിക ലോകത്തേക്ക് കടന്നത്. അവിടുന്ന് അങ്ങോട്ട് പിന്നെ യേശുദാസിന്റെ കാലമായിരുന്നു. യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. കാരണം അദ്ദേഹം പാടിയ പാട്ടുകളെയെല്ലാം മലയാളി നെഞ്ചിലേറ്റി. ആയിരം പാദസരങ്ങള്‍ കിലുങ്ങി, താമസമെന്തേ വരുവാന്‍, ഏഴു സ്വരങ്ങളും, രാമകഥാ ഗാനലയം, ഒരു പുഷ്പം മാത്രമെന്‍ അങ്ങിനെ എത്രയെത്ര ഗാനങ്ങള്‍… മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ ഇപ്പോഴും പുതുതലമുറ പോലും പാടി നടക്കുന്നു.
ഇരുപത്തിനാല് തവണ മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാര പുരസ്കാരം യേശുദാസിനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ മറ്റ് സംസ്ഥാനങ്ങളുടെ പുരസ്കാരവും നിരവധി തവണ യേശുദാസിന് ലഭിച്ചു. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയി മറഞ്ഞ കാലം എന്ന ഗാനത്തിന് എട്ടാം തവണയും അദ്ദേഹത്തെ ദേശീയ പുരസ്കാരത്തിന് അര്‍ഹനാക്കി. പത്മഭൂഷണ്‍, പത്മശ്രീ എന്നീ ബഹുമതികള്‍ നല്കിയും രാഷ്ട്രം ആ സംഗീതപ്രതിഭയെ ആദരിച്ചു.