വി.എ ശ്രീകുമാര്‍ ‘മിഷന്‍ കൊങ്കണ്‍’ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇതേ പ്രമേയത്തില്‍ ദിലീപ് നായകനായി ‘ഖലാസി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തിറക്കി
വാരിയന്‍കുന്നത്ത്, കടുവ എന്നീ ചിത്രങ്ങളുടെ കഥാ പ്രമേയത്തില്‍ ഒന്നിലധികം ചിത്രങ്ങള്‍ പ്രഖ്യാപിച്ചതിന്‍റെ വിവാദങ്ങള്‍ക്കും ഇടവേളക്കും ശേഷം മലയാളത്തില്‍ വീണ്ടും സിനിമായുദ്ധം. ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ ‘മിഷന്‍ കൊങ്കണ്‍’ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ പ്രഖ്യാപിച്ചതിന്‍റെ തൊട്ടുപിന്നാലെയാണ് ഇതേ പ്രമേയത്തില്‍ ദിലീപ് നായകനായി ‘ഖലാസി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. നടന്‍ ദിലീപ് തന്നെയാണ് പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി പ്രഖ്യാപനം നടത്തിയത്. വി.എ ശ്രീകുമാറിന്‍റെ ‘മിഷന്‍ കൊങ്കണ്‍’ ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുമ്പോള്‍ ‘ഖലാസി’ മലയാളത്തില്‍ മാത്രമാകും പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വലിയ ഉരുവിന്‍റെ പശ്ചാത്തലത്തില്‍ അതിനെ കെട്ടികരക്കടുപ്പിക്കാന്‍ ശ്രമിക്കുന്ന ഖലാസിയുടെ കൈയും കയറുമാണ് ദിലീപ് നായകനായ ‘ഖലാസിയുടെ ഫസ്റ്റ് ലുക്ക്. ‘ഇത് ഒരു കെട്ടുകഥയല്ല, ഒരു കെട്ടിന്‍റെ കഥയാണ്’; എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ഗോകുലന്‍ ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ മിഥ്ലാജാണ് സംവിധാനം ചെയ്യുന്നത്.
ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ കൊങ്കണിന്‍റെ പ്രമേയം. കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് സിനിമ യാഥാര്‍ത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുഗ് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് മിഷന്‍ കൊങ്കണിന്‍റെ രചന.
ഇതിന് മുമ്പും മലയാള സിനിമ പ്രഖ്യാപനങ്ങള്‍ കൊണ്ട് യുദ്ധം തീര്‍ത്തിട്ടുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ മരക്കാര്‍ അറബികടലിന്‍റെ സിംഹം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മരക്കാര്‍ ചരിത്രം പിന്‍പറ്റി ടി പി രാജീവൻ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ രചനയില്‍ മമ്മൂട്ടിയുടെ നായകത്വത്തില്‍ ഓഗസ്റ്റ് സിനിമാസ് നിര്‍മിച്ച് സിനിമ പുറത്തിറങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഈ ചിത്രത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് പിന്മാറുന്നതായി മമ്മൂട്ടി അറിയിക്കുകയും ചെയ്തു.
പൃഥിരാജിനെ നായകനാക്കി ‘വാരിയംകുന്നന്‍’ എന്ന പേരില്‍ ആഷിഖ് അബു പുതിയ ചിത്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇതേ പ്രമേയത്തില്‍ മൂന്ന് സിനിമകളാണ് തുടരെ പ്രഖ്യാപിക്കപ്പെട്ടത്. പി.ടി. കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറുമാണ് സമാനപ്രമേയവുമായി ഉടന്‍ തന്നെ സിനിമകള്‍ പ്രഖ്യാപിച്ചത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ‘ദി ഗ്രേറ്റ് വാരിയംകുന്നൻ’, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നന്‍’ എന്നീ ചിത്രങ്ങളിൽ വാരിയംകുന്നത്ത് പ്രധാനനായകകഥാപാത്രമാണ്. അതേസമയം, അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921’എന്ന ചിത്രത്തിൽ ഈ കഥാപാത്രം വില്ലൻ വേഷത്തിലും എത്തുന്നു. ഇബ്രാഹിം വേങ്ങരയുടെ ചിത്രത്തിന്‍റെ ചിത്രീകരണവും നിര്‍മാണ പരിപാടികളും വാരിയംകുന്നന്‍ സിനിമക്ക് മുമ്പേ ആരംഭിച്ചെങ്കിലും പ്രചരണം ആരംഭിച്ചിരുന്നില്ല.
കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന യഥാര്‍ത്ഥ മനുഷ്യന്‍റെ കഥയെ ആസ്പദമാക്കി പൃഥിരാജ് ചിത്രം കടുവ പ്രഖ്യാപിച്ച് ഒരു വര്‍ഷമാകുന്ന വേളയില്‍ അതെ കഥയില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സുരേഷ് ഗോപിയെ നായകനാക്കിയുള്ള 250ാം ചിത്രമാണ് സമാനമായ പ്രമേയത്തില്‍ പുറത്തിറങ്ങാനിരുന്നത്. ടോമിച്ചന്‍ മുളകുപാടമായിരുന്നു ഈ ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് സുരേഷ് ഗോപി ചിത്രത്തിന് ഉപയോഗിച്ചെന്നാരോപിച്ച് അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതോടെ സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതായി സംവിധായകന്‍ ജിനു അറിയിക്കുകയും ചെയ്തിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ചാണ് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നത്. ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സുരേഷ്‌ഗോപി ചിത്രത്തിന്റെ സംവിധായകനായ മാത്യുസ് തോമസ് തന്റെ മുന്‍ ചിത്രങ്ങളില്‍ സംവിധാന സഹായി ആയിരുന്നു എന്ന് ജിനു വെളിപ്പെടുത്തിയതോടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവും ശക്തമായിരുന്നു.