കേരളത്തിലെ മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ‘2018’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ആദരവൊരുക്കി മത്സത്തൊഴിലാളി സമൂഹം. ആർത്തുങ്കലിലെ മത്സത്തൊഴിലാളി സമൂഹമാണ് അണിയറ പ്രവർത്തകർക്ക് സാഗരാദരം 2018 എന്ന പേരിൽ ആദരമർപ്പിച്ചത്. തുഴയുടെ മോഡലിലുള്ള ട്രോഫിയും ഇവർക്ക് അധികാരികൾ കൈമാറി.
മഹാപ്രളയം നേരിടാൻ ഒറ്റക്കെട്ടായി നിന്ന മത്സത്തൊഴിലാളികളിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് 2018, 200 കോടി ക്ലബ്ബിൽ ഇടം നേടിയ വിവരം നിർമാതാവായ വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷൻ സ്വന്തമാക്കുകയും ചെയ്‍തിരുന്നു. ജൂൺ 7 മുതൽ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.