കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തുന്ന ജഡ്ജ്മെന്‍റല്‍ ഹൈ ക്യാ സിനിമയുടെ പ്രചാരണ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി താരം. ജഡ്ജ്മെന്‍റല്‍ ഹൈ ക്യാ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് കങ്കണ മാധ്യമ പ്രവര്‍ത്തകനോട് അനാവശ്യമായി കലിപൂണ്ടത്. കങ്കണയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്‍റെ വീഡിയോ അതെ സമയം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജസ്റ്റിന്‍ റാവു എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളോടാണ് കങ്കണ രൂക്ഷമായി പ്രതികരിച്ചത്.
ഉറി ആക്രമണത്തിന് ശേഷം ശബ്നം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച താങ്കള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ ചിത്രം മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്തതെന്ന ചോദ്യമാണ് കങ്കണയെ പ്രകോപിപിച്ചത്. നിങ്ങള്‍ എന്‍റെ സിനിമയെ മന:പൂര്‍വം അധിക്ഷേപിക്കുകയാണെന്ന് പറഞ്ഞ കങ്കണ ‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ത്സാന്‍സി എന്ന ചിത്രത്തെ നിങ്ങള്‍ ട്വീറ്റിലൂടെ വിമര്‍ശിച്ചില്ലേയെന്ന് ആരോപിച്ചു. ഒരു സിനിമ നിര്‍മിക്കുന്നത് കുറ്റമാണോ. ദേശീയത വിഷയമാക്കി ഒരു ചിത്രമെടുത്തപ്പോള്‍ നിങ്ങള്‍ എന്നെ തീവ്രദേശീയ വാദിയെന്ന് വിളിച്ചു’.-കങ്കണ പറഞ്ഞു.
ഇതേ മാധ്യമപ്രവർത്തകനൊപ്പം മണികര്‍ണികയുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറോളം വാനില്‍ അഭിമുഖം നടത്തിയെന്നും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചുവെന്നും കങ്കണ പറഞ്ഞു. അന്ന് തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് അവസ്ഥ മാറിയെന്നും കങ്കണ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തനിക്കെതിരെ ക്യാംപെയ്നിങ്ങ് നടത്തുകയാണെന്നും കങ്കണ പറഞ്ഞു.
എന്നാല്‍ കങ്കണയുടെ വാദങ്ങളെല്ലാം നിഷേധിച്ച മാധ്യമ പ്രവര്‍ത്തകന്‍ മണികര്‍ണികയെ സംബന്ധിച്ച് ഒരു ട്വീറ്റ് പോലും ചെയ്തില്ലെന്ന് പറഞ്ഞു. കങ്കണയുമായി പറയപ്പെടുന്ന രീതിയില്‍ ഒരു രീതിയിലുള്ള അഭിമുഖവും നടന്നില്ലെന്നും ഡിന്നര്‍ കഴിച്ചില്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കി. ഫോണിലൂടെ ചാറ്റ് ചെയ്തെന്ന വാദവും നിഷേധിച്ച മാധ്യമ പ്രവര്‍ത്തകന്‍ അത് വ്യക്തമാക്കുന്ന സ്ക്രീന്‍ ഷോട്ട് പരസ്യമായി കാണിക്കാന്‍ ആവശ്യപ്പെട്ടു. അത് പിന്നീട് കാണിക്കാമെന്നാണ് കങ്കണ പ്രതികരിച്ചത്. നിങ്ങൾ അധികാര സ്ഥാനത്തിരിക്കുന്നവരാണെന്നു കരുതി തന്നെ ഭയപ്പെടുത്താമെന്ന് കരുതരുതെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ വാദപ്രതിവാദങ്ങളോട് പ്രതികരിച്ചത്.