Entertainment

കീടങ്ങളെ തുരത്താന്‍ കീടനാശിനി വേണം: വിവാദ ട്വീറ്റുമായി കങ്കണ റണാവത്ത്

താണ്ഡവ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി നടി കങ്കണ റണാവത്ത്. കീടങ്ങളെ തുരത്താന്‍ കീടനാശിനി വേണമെന്ന് തനിക്ക് അറിയാമെങ്കിലും ആരുടെയും തലയെടുക്കാന്‍ താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് പ്രതികരണം.

“ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്‍റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതക്ക് പിന്നാലെ വിപ്ലവം വരണം. അവരുടെ തലയെടുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

കീടങ്ങളെ തുരത്താന്‍ കീടനാശിനി വേണം: വിവാദ ട്വീറ്റുമായി കങ്കണ റണാവത്ത്

തുടര്‍ന്ന് തന്‍റെ ട്വീറ്റിനെ ന്യായീകരിച്ച് കങ്കണ വീണ്ടും രംഗത്തെത്തി. “പേടിച്ചുപോയ ലിബറലുകള്‍ ഇതും കൂടി വായിക്കണം- നിങ്ങളുടെ ശിരച്ഛേദം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രാണികളെയും പുഴുക്കളെയും തുരത്താന്‍ കീടനാശിനി വേണമെന്ന് എനിക്കറിയാം എങ്കിലും”.. ടെയ്ക്ക് ഹെഡ് ഓഫ് എന്ന് താന്‍ പറഞ്ഞത് ശാസിക്കുക എന്ന അര്‍ഥത്തിലാണെന്നും കങ്കണ വിശദീകരിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കും കേസിനും പിന്നാലെ താണ്ഡവ് അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ മാപ്പ് പറഞ്ഞിരുന്നു. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ അറിയിച്ചത്.

‘സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികളെ സംബന്ധിച്ച് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. താണ്ഡവിന്‍റെ കഥ സാങ്കല്‍പികമാണ്. ഏതെങ്കിലും തരത്തിലുള്ള സാമ്യത വ്യക്തികളുമായോ സംഭവങ്ങളുമായോ തോന്നുന്നുണ്ടെങ്കില്‍ തികച്ചും യാദൃച്ഛികമാണ്. ഏതെങ്കിലും വ്യക്തികളെയോ സമൂഹത്തെയോ സമുദായങ്ങളെയോ മതവിശ്വാസങ്ങളെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടേയില്ല. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു’വെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

നേരത്തെ താണ്ഡവിനെതിരെ യു.പി പൊലീസ് ക്രിമിനല്‍ കേസ് എടുത്തിരുന്നു. താണ്ഡവിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. വിവാദത്തില്‍ ആമസോണ്‍ പ്രൈമിനോട് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രം ഹിന്ദു ദൈവങ്ങളെ മനപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തുവെന്നാണ് പരാതി. സിരീസിനെതിരെ ബി.ജെ.പി നേതാക്കളുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിശദീകരണം തേടിയത്.

ആമസോണ്‍ പ്രൈമില്‍ ജനുവരി 15നാണ് താണ്ഡവ് റിലീസ് ചെയ്തത്. അവി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.